ഖത്തര്‍: നീളം കുറഞ്ഞ ടോപ്പും ചെറിയ പാവാടയും ധരിച്ചതിന്റെ പേരില്‍ സൗദിയില്‍ യുവതി അറസ്റ്റില്‍. സ്ത്രീകള്‍ക്കായി രാജ്യത്ത് നിലവിലുള്ള ഡ്രസ്സ് കോഡ് ലംഘിച്ചതിന്റെ പേരിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

നീളം കുറഞ്ഞ വസ്ത്രം ധരിച്ച് നടന്നുപോകുന്ന യുവതിയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ വന്നതോടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ ചാനലായ അല്‍ എക്ബാരിയ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതോടൊപ്പം തന്നെ യുവതിയില്‍ നിന്നും പിഴയും ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖുലൂദ് എന്ന യൂസര്‍നേമില്‍ നിന്നാണ് യുവതിയുടെ സ്‌നാപ്ചാറ്റ് വീഡിയോ പുറത്തുവിട്ടത്. മുഖവും തലയും മറക്കാതെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യുവതി നടക്കുന്നതായിരുന്നു വീഡിയോ. റിയാദിലെ ആര്‍ക്കിയോളജിക്കല്‍ സൈറ്റിന് സമീപത്ത് നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരുന്നത്.

അതേസമയം വീഡിയോ തന്റേത് തന്നെയാണെന്നും എന്നാല്‍ ആരാണ് ഇത് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്‌തെന്ന കാര്യം തനിക്ക് അറിയില്ലെന്നും യുവതി പറഞ്ഞതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ ഒരു നിയമങ്ങളും താന്‍ ലംഘിച്ചിട്ടില്ല. പുരുഷനൊപ്പമല്ലാതെ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന നിയമവും താന്‍ മറികടന്നിട്ടില്ല. താന്‍ ഒറ്റയ്ക്കായിരുന്നില്ല സഞ്ചരിച്ചിരുന്നത്. തനിക്കൊപ്പം ആളുകളുണ്ടായിരുന്നെന്നും യുവതി പറഞ്ഞു. അതേസമയം വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.


Dont Miss അദാനിയ്‌ക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം: ഇ.പി.ഡബ്ല്യു എഡിറ്റര്‍ രാജിവെച്ചു


ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ ശക്തമായി പിന്തുണച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ധൈര്യവതിയായ യുവതിയാണ് ഇവര്‍ എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ സൗദിയിലെ നിയമം ലംഘിച്ച യുവതിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നായിരുന്നു ഒരു വിഭാഗം വാദിച്ചത്. അതേസമയം പാശ്ചാത്യ രാജ്യക്കാരുടേയും വിദേശികളേയും വസ്ത്രധാരണത്തിനെതിരെ സൗദി ഭരണകൂടം രംഗത്തെത്താറില്ലെന്നും ഈ യുവതിക്കെതിരെ കെസെടുക്കുന്നത് തെറ്റാണെന്നും ചിലര്‍ വ്യക്തമാക്കി.

ഇതിനെ സാധൂരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കാ ട്രംപും റിയാദ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ തല മറയ്ക്കാതിരുന്നതും നീളം കുറഞ്ഞ വസ്ത്രം ധരിച്ചതും ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.