അമൃത് സര്‍: 1984ലെ സിഖ് വംശഹത്യക്ക് പ്രേരണ നല്‍കും വിധത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രസ്താവന നടത്തിയതിന് സാക്ഷി. വംശഹത്യയ്ക്ക് പ്രേരണ നല്‍കുന്ന തരത്തില്‍ ബച്ചന്‍ ദൂരദര്‍ശനില്‍ സംസാരിച്ചതായി സാക്ഷി ജഗ്ദീഷ് കൗര്‍ പറയുന്നു. അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തിലാണ് ബച്ചന്‍ അന്ന് സംസാരിച്ചത്. അന്നത്തെ ബച്ചന്റെ പ്രസ്താവനയ്‌ക്കെതിരെ ആരും പ്രതികരിക്കാതിരുന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ജഗ്ദീഷ് പറഞ്ഞു.

ബച്ചന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതിനുശേഷം താന്‍ അദ്ദേഹം അഭിനയിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണാറില്ലെന്നും ജഗ്ദീഷ് പറഞ്ഞു. ചോരയ്ക്ക് ചോരകൊണ്ട് മറുപടിയെന്ന് ബച്ചന്‍ കൈയുയര്‍ത്തി മുദ്രാവാക്യം മുഴക്കുന്നതുപോലെ പറയുന്നത് താന്‍ കേട്ടുവെന്ന് ജഗ്ദീഷ് കൗര്‍ പറഞ്ഞു. ഇത് സിഖുകാരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെയാണ്. സിനിമാ നടനെന്ന നിലയില്‍ ബച്ചനുള്ള സ്വീകാര്യത കൂടി പരിഗണിക്കുമ്പോള്‍ ഈ പ്രസ്താവന വലിയ സ്വാധീനം ചെലുത്തുമെന്നും ജഗ്ദീഷ് കൗര്‍ പറഞ്ഞു.

അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഖ് മനുഷ്യാവകാശ സംഘടന അടുത്തിടെ അമിതാഭ് ബച്ചനെതിരെ ആസ്‌ത്രേലിയയിലെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനുശേഷം നടന്ന സിഖ് കൂട്ടക്കൊലക്ക് പ്രേരണ നല്‍കും വിധത്തില്‍ ബച്ചന്‍ പ്രവര്‍ത്തിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാനവികതയ്‌ക്കെതിരായ ക്രൂരതകള്‍ രാജ്യാതിര്‍ത്തി പരിഗണിക്കാതെ കൈകാര്യം ചെയ്യാന്‍ ആസ്‌ത്രേലിയയിലെ നിയമം അനുവാദം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അവിടുത്തെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത സത് വന്ത് സിംഗും ബായാന്ത് സിംഗും സിഖ് വംശജരായിരുന്നു. ഇതില്‍ പ്രകോപിതരായ ചിലര്‍ സിഖ് വംശജര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് അമിതാഭ് ബച്ചന്റെ പ്രകോപനപരമായ അഭിപ്രായങ്ങള്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തത്.

സിഖ് വംശഹത്യ നടക്കുമ്പോള്‍ 42 വയസ്സുണ്ടായിരുന്നു ജഗ്ദീഷ് കൗറിന്. പശ്ചിമ ദല്‍ഹിയിലെ പാലം കോളനിയിലെ വീട്ടില്‍വെച്ച് ഭര്‍ത്താവിനെയും മകനെയും അക്രമികള്‍ കൊല്ലുന്നത് ഇവര്‍ക്ക് നോക്കി നില്‍ക്കേണ്ടിവന്നു. 1984 നവംബര്‍ ഒന്നിനായിരുന്നു ഇത്. പിറ്റേന്ന് ഇവരുടെ മൂന്ന് സഹോദരന്‍മാരെയും ജനക്കൂട്ടം ചുട്ടുകൊന്നു. അതിനും ദൃക്‌സാക്ഷിയാവേണ്ടി വന്നു ജഗദീഷ് കൗര്‍.