തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍ അജ്ഞാതര്‍ മാലിന്യം നിക്ഷേപിച്ചു. ഇറച്ചിക്കൊഴികളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ചാക്കിലാക്കിയ മാലിന്യങ്ങള്‍ അര്‍ധരാത്രിയിലാണു റോഡില്‍ നിക്ഷേപിച്ചതെന്നു സംശയിക്കുന്നു. നഗരസഭ പരിധിയിലെ പൂങ്കുളം വാര്‍ഡിലെ വണ്ടിത്തടത്താണു സംഭവം. മാലിന്യ നിര്‍മ്മാര്‍ജനത്തിന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ് നഗരമധ്യത്തില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

മാലിന്യം റോഡില്‍ തള്ളിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. മാലിന്യത്തില്‍ നിന്നു നഗരത്തിലെ ഒരു ഹോട്ടലിലെ  ബില്‍ പോലീസ് കണ്ടെടുത്തു. ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

മാലിന്യം നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. നിരോധനാജ്ഞ നിലനില്‍ക്കെ മാലിന്യം തള്ളിയാല്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്നിരിക്കെയാണ് അജ്ഞാതര്‍ റോഡില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ സഹകരിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞദിവസം നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.