തിരുവനന്തപുരം: എമേര്‍ജിങ് കേരളയില്‍ നിന്ന് ഒഴിവാക്കിയ നാല് പദ്ധതികള്‍ വീണ്ടും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ നിന്ന് നീക്കിയ നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ധര്‍മടം ടൂറിസം പദ്ധതികളാണ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

ഇതോടെ വിവാദ പദ്ധതികള്‍ എമേര്‍ജിങ് കേരളയില്‍ നിന്നും ഒഴിവാക്കില്ലെന്ന് ഉറപ്പായി. എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി പരിശോധന നടത്തിയശേഷമാണ് നാല് പദ്ധതികള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തത്.

എമേര്‍ജിങ് കേരളയുടെ ഭാഗമായി നെല്ലിയാമ്പതിയിലെയും വാഗമണിലെയും വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് കൈമാറാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടായിരുന്നു. നെല്ലിയാമ്പതിയില്‍ കൃഷിവകുപ്പിന് കീഴില്‍ ഓറഞ്ച് ഫാം നടത്തിയിരുന്ന വനഭൂമിയാണ് നിയമവിരുദ്ധമായി ടൂറിസം വകുപ്പ് വഴി സ്വകാര്യ ടൂറിസം കമ്പനികള്‍ക്ക് കൈമാറാന്‍ പദ്ധതിയിട്ടിരുന്നത്.

വാഗമണില്‍ ടൂറിസം വകുപ്പിന്റെ കൈയിലുള്ള 100 ഏക്കറില്‍ ഗോള്‍ഫ് കോഴ്‌സും ഇക്കോറിസോര്‍ട്ടും തുടങ്ങാനായിരുന്നു പദ്ധതി. മറ്റൊരു 50 ഏക്കറില്‍ സാഹസിക സ്‌പോര്‍ട്‌സ് കേന്ദ്രത്തിനും പദ്ധതി തയാറാക്കിയിരുന്നു. ഇത് വിവാദമായപ്പോള്‍ പദ്ധതിക്കെതിരെ എം.എല്‍.എമാരായ വി.ഡി സതീശനും ടി.എന്‍ പ്രതാപനും രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് വിവാദമായ പദ്ധതികള്‍ പിന്‍വലിക്കാന്‍ വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇടുക്കി ജില്ലയിലെ ഇലവീഴാപ്പൂഞ്ചിറയില്‍ നൂറ് കോടി ചെലവില്‍ 40 മുറികളുള്ള ഇക്കോറിസോര്‍ട്ട് ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു.

അതിനിടെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം പാട്ടത്തിന് നല്‍കി എക്‌സിബിഷന്‍ സെന്ററാക്കാനുള്ള പദ്ധതി എമേര്‍ജിങ് കേരളയില്‍ നിന്നും പിന്‍വലിച്ചു. തിരൂര്‍, ദേവികുളം, പീരുമേട് ടൂറിസം പദ്ധതികളും ഒഴിവാക്കിയിട്ടുണ്ട്. ചീമേനി വൈദ്യുതപദ്ധതിക്കുള്ള ഭൂമി 200 ഏക്കറായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആകെ 38 പദ്ധതികളാണ് എമേര്‍ജിങ് കേരളയില്‍ നിന്നും പിന്‍വലിച്ചിട്ടുള്ളത്. ഇതില്‍ 19ഉം ഇന്‍കലിന്റെ പദ്ധതികളാണ്. മലപ്പുറം ജില്ലയിലെ 17 പദ്ധതികള്‍ ഒഴിവാക്കി. 194 പദ്ധതികളാണ് ഇപ്പോള്‍ എമേര്‍ജിങ് കേരളയില്‍ അവശേഷിക്കുന്നത്.