ബാംഗ്ലൂര്‍: ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി കമ്പനിയായ വിപ്രോ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 1,300.9 കോടി രൂപ ലാഭം നേടി. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 1.24% അറ്റാദായ വളര്‍ച്ചയാണ് കമ്പനി നേടിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,284.9 കോടി രൂപയായിരുന്നു.

ആകെ വരുമാനം 9,094.5 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,730.5 കോടി രൂപയായിരുന്നു. വരുമാനത്തില്‍ പതിനെട്ട് ശതമാനത്തിന്റെ വര്‍ധന. വരുമാനത്തില്‍ 75 ശതമാനവും ഐടി സേവന മേഖലയില്‍നിന്നാണെന്നു ചെയര്‍മാന്‍ അസിം പ്രേംജി അറിയിച്ചു. 6,829 കോടി രൂപയാണ് ഐ.ടി സേവന മേഖലയില്‍ നിന്ന് മാത്രം നേടിയത്. ഇത് ഒന്നാം പാദത്തെക്കാള്‍ 4.6 ശതമാനവും മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 15.7 ശതമാനവും അധികമാണ്.

രണ്ടാം പാദത്തില്‍ ഐടി സേവന വിഭാഗം 5240 പുതിയ ജീവനക്കാരെ ജോലിക്കെടുത്തതായും ചെയര്‍മാന്‍ അസിം പ്രേംജി അറിയിച്ചു.