മുംബൈ: ബിസിനസില്‍ നിന്നുള്ള നേട്ടങ്ങള്‍ക്കുശേഷം സാമൂഹ്യസേവന രംഗത്തേക്കിറങ്ങാന്‍ ലക്ഷ്യമിടുകയാണ് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. കമ്പനിയിലെ തന്റെ ഓഹരി കുറച്ച് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഇന്ത്യയിലെ മൂന്നാമത്തെ അതിസമ്പന്നന്റെ തീരുമാനം.

വിപ്രോയിലെ തന്റെ ഓഹരി 8.7 ശതമാനം കുറക്കാനാണ് പ്രേംജി ലക്ഷ്യമിടുന്നത്. ഇതുവഴി 8846 കോടിരൂപ സാമൂഹ്യസേവനം നടത്തുന്ന ‘അസിം പ്രേംജി ഫൗണ്ടേഷന്’ നല്‍കും. ഗ്രാമീണ മേഖലയില്‍ പാഥമികവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണംചെലവഴിക്കുമെന്ന് വിപ്രോ വ്യക്തമാക്കി.

പുതിയ നീക്കത്തോടെ വിപ്രോയില്‍ പ്രേംജിക്കുള്ള ഓഹരി 70 ശതമാനമായി കുറയും. നിലവില്‍ 79 ശതമാനം ഓഹരിയാണ് പ്രേംജിക്കുള്ളത്. ഡിസംബര്‍ ഏഴോടുകൂടി ഓഹരിമാറ്റപ്രക്രിയ പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.