ചെന്നൈ: സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറടക്കമുള്ള പ്രഗദ്ഭതാരങ്ങളുടെ അഭാവത്തിലും ചാംപ്യന്‍സ് ലീഗ് ടി-20 കിരീടം നേടാന്‍ കഴിഞ്ഞത് മഹത്തായ നേട്ടമാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ പകരക്കാരന്‍ ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ്.

ചാംപ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്കാരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. സച്ചിന്‍, രോഹിത് ശര്‍മ്മ, മുനാഫ് പട്ടേല്‍ എന്നിവരുടെ അഭാവത്തിലും കിരീടം നേടാന്‍ സാധിച്ചത് വലിയ നേട്ടമാണ്. മത്സരശേഷം ഹര്‍ഭജന്‍ പറഞ്ഞു. ഇന്നലെ നടന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 31 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.

Subscribe Us:

മത്സരത്തില്‍ ക്രിസ് ഗെയ്ല്‍, കോഹ് ലി എന്നിവരുടേതടക്കം മൂന്ന വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജനാണ് മാന്‍ ഒഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. അപകടകാരികളായ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആദ്യ മൂന്ന ബാറ്റ്‌സമാന്‍മാരായ ക്രിസ് ഗെയ്ല്‍, ദില്‍ഷന്‍, കോഹ് ലി എന്നിവരെ പെട്ടെന്ന് പുറത്താക്കാന്‍ കഴിഞ്ഞതാണ് വിജയത്തിന് കാരണമായതെന്ന് ഭാജി വിലയിരുത്തി.

ഗെയ്ല്‍, ദില്‍ഷന്‍, കോഹ് ലി എന്നിവരെ പെട്ടെന്ന് പുറത്താക്കിയാല്‍ മത്സരത്തില്‍ ഞങ്ങള്‍ക്ക മേല്‍ക്കൈ നേടാനാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എത്ര ചെറിയസ്‌കോറും പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കാവുമെന്ന് കോച്ച ഷോണ്‍ പൊള്ളോക്ക ഇടവേളയില്‍ പറഞ്ഞിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലാവരും ശ്രമിച്ചു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എല്ലാം ആഗ്രഹിച്ചപോലെ അവസാനിപ്പിക്കാറായി. ഹര്‍ഭജന്‍ പറഞ്ഞു. ലസിത് മലിംഗയുടെ ആള്‍ റൗണ്ട് പ്രകടനത്തെയും ഹര്‍ഭജന്‍ പ്രകീര്‍ത്തിച്ചു.