വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പരിസമാപ്തി കുറിച്ച് വില്ല്യം രാജകുമാരന്‍ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നുള്ള കെയ്റ്റ് മിഡില്‍ടണിനെ ഇന്ന് മിന്നുകെട്ടും. പതിനൊന്നു മണിക്ക് കെയ്റ്റ് വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍ സാധാരണക്കാരിയായിട്ടായിരിക്കും എത്തുക, എന്നാല്‍ മിന്നുകെട്ടു കഴിഞ്ഞാല്‍ ഭാവി രാജ്ഞിയുടെ പട്ടമായിരിക്കും മിഡില്‍ടണിന് ലഭിക്കുക.

കഴിഞ്ഞദിവസം രാത്രിയാണ് കെയ്റ്റ് സെന്‍ട്രല്‍ ലണ്ടിനിലെ ഹോട്ടലില്‍ സാധാരണക്കാരി എന്ന നിലയില്‍ തന്റെ അവസാന രാത്രി തള്ളി നീക്കിയത്. ഇനി മുതല്‍ രാജകുടുംബത്തിലെ അംഗമാകാന്‍ പോവുകയാണ് കെയ്റ്റ്. അമ്മ കരോളും ഇളയ സഹോദരി പിപ്പയും കെയ്റ്റിനൊപ്പം ഉണ്ടായിരുന്നു. തനിക്ക് അനുഗ്രഹവും ആശംസയും നേരാനെത്തിയവരെ കെയ്റ്റ് നിരാശരാക്കിയില്ല. ക്രീം നിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ കെയ്റ്റ് മുമ്പത്തെക്കാളും സുന്ദരിയായിരുന്നു.

ലോകമെമ്പാടുമുള്ള ഏകദേശം രണ്ട് ബില്യണ്‍ ആളുകള്‍ കെയ്റ്റ്‌വില്യം വിവാഹം വീക്ഷിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതാണ്ട് അരമില്യണ്‍ ആളുകളായിരിക്കും ലണ്ടനിലെ തെരുവുവീഥിയില്‍ ദമ്പതികള്‍ക്ക് ആശംസ നേരാനായി എത്തുക. എന്നാല്‍ മഴ ആഘോഷങ്ങള്‍ക്കിടയില്‍ വില്ലനായി അവതരിക്കുമോ എന്നാണ് ഏവരും ആശങ്കപ്പെടുന്നത്. ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.

ഏതു വേഷത്തിലാകും കെയ്റ്റ് വിവാഹത്തിനെത്തുക എന്നത് ഇപ്പോഴും രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഏതുവേഷമായാലും എല്ലാവരെയും അല്‍ഭുതപ്പെടുത്തുന്ന രീതിയിലാകും കെയ്റ്റ് ‘അവതരിക്കുക’ എന്നത് വ്യക്തമാണ്. നേരത്തേ ക്ലാരന്‍സ് ഹൗസില്‍ നടന്ന വിരുന്നില്‍ കെയ്റ്റിന്റെയും അമ്മയും സഹോദരിയും രാജകുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്തിരുന്നു.