തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി തള്ളിക്കളഞ്ഞിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

Ads By Google

സംസ്ഥാന കമ്മിറ്റിയിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം അറിയിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി സമയക്കുറവ് മൂലമാണ് കേന്ദ്രകമ്മിറ്റിക്ക് പരിഗണിക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും കാരാട്ട് വ്യക്തമാക്കി.

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത്  തുടരുകയാണ്. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങും ചര്‍ച്ചയുമാണ് യോഗം ആദ്യം പരിഗണിക്കുക.

കൊല്ലം പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടും  ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ. വരദരാജനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടും അടുത്ത ദിവസങ്ങളില്‍ സംസ്ഥാന സമിതിയോഗം പരിഗണിക്കും.

വരദരാജനെതിരായ ആരോപണം കമ്മീഷന്‍ തള്ളിയിരുന്നു. ഇക്കാര്യം  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

വസ്തുത പരിശോധിക്കാതെ പരാതി നല്‍കിയ ജെ. മേഴ്‌സിക്കുട്ടിയമ്മയോട് വിശദീകരണം തേടാനും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.