എഡിറ്റര്‍
എഡിറ്റര്‍
രക്ഷിക്കാമെന്നേറ്റ യു.ഡി.എഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത
എഡിറ്റര്‍
Thursday 2nd January 2014 12:17pm

saritha-s-nair1

തിരുവനന്തപുരം: രക്ഷിക്കാമെന്നേറ്റ യു.ഡി.എഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം എ.സി.ജെ.എം കോടതിക്ക് പുറത്ത് വച്ചായിരുന്നു സരിതയുടെ പ്രതികരണം. സരിതയുടെ മൊഴി യു.ഡി.എഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ ഇന്ദിര ചൊവ്വാഴ്ച്ച വെളിപ്പെടുത്തിയിരുന്നു.

മൊഴി പുറത്ത് വന്നിരുന്നെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ രാജി വയ്‌ക്കേണ്ടി വന്നേനെ എന്നും മന്ത്രിസഭയെ മറിച്ചിടാന്‍ താല്‍പ്പര്യമില്ലെന്നുമാണ് സരിതയുടെ അമ്മ വ്യക്തമാക്കിയിരുന്നത്.

കേസില്‍ നിന്ന് രക്ഷിക്കുമെന്നായിരുന്നു വാഗ്ദാനം എന്നും യു.ഡി.എഫ് വഞ്ചിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ സംശയിക്കുന്നുവെന്നും സരിതയുടെ അമ്മ പറഞ്ഞിരുന്നു.

സരിതയെ ജയിലില്‍ തന്നെ കിടത്താന്‍ ശ്രമം തടുരുകയാണ്. ഇനിയും ജയിലില്‍ നിന്ന് മോചിപ്പിച്ചില്ലെങ്കില്‍ സത്യം വെളിപ്പെടുത്തുമെന്നും സരിതയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

അതേസമയം സരിതക്ക് ജാമ്യം ലഭിക്കാനുള്ള രണ്ട് കേസുകള്‍ ഇന്ന്  കോടതി പരിഗണിച്ചു. സരിതക്ക് ജാമ്യം നേടാന്‍ ലഭിച്ച പണത്തിന്റെ സ്രോതസ്സ് സര്‍ക്കാരിനറിയാമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സരിതയുടെ രണ്ട് ജാമ്യാപേക്ഷകള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. സരിതക്കെതിരെ എത്ര കേസുകള്‍ നിലവിലുണ്ടെന്നും എത്ര കേസുകളില്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും കോടതി ചോദിച്ചു.

കൂടാതെ തട്ടിപ്പിലൂടെ ലഭിച്ച പണം തന്നെയാണോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സരിത കെട്ടിവച്ചതെന്നും  പണത്തിന്റെ സ്രോതസ് പോലീസ് അന്വേഷിച്ചോ എന്നും സര്‍ക്കാരിന് അറിയാമോ എന്നും കോടതി ആരാഞ്ഞു.

അടുത്ത ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനോട് മറുപടി പറയണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സരിതക്ക് ജാമ്യം ലഭിക്കാനുള്ള രണ്ട് കേസുകളാണ് ഇന്ന്  കോടതി പരിഗണിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജൂണ്‍ മൂന്നിന് സരിതാനായര്‍ അറസ്റ്റിലായത്.

 

Advertisement