കൊച്ചി: ഐപിഎല്‍ ടീമായ കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കില്ലെന്ന് ആങ്കര്‍ഗ്രൂപ്പ്. ഇത് സംബന്ധിച്ച പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആങ്കര്‍ഗ്രൂപ്പ് ഡയറക്ടര്‍ രാഹുല്‍ ഷാ പറഞ്ഞു.മൊത്തം ഓഹരിയില്‍ 31.4 ശതമാനമാണ് ആങ്കറിനുള്ളത്.

കഴിഞ്ഞ ദിവസമാണ് ടീമിന്റെ പ്രധാന ഓഹരി ഉടമകളായ ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പ് ഓഹരികള്‍ വില്‍ക്കാന്‍ തയാറെടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത് .ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പത്രമാണ് ആങ്കര്‍ ഗ്രൂപ്പ് കൊച്ചി ടസ്‌കേഴ്‌സിലെ ഓഹരി വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ടീം നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലുള്ള സാമ്പത്തീക നഷ്ടവും സ്വന്തമായി സ്റ്റേഡിയം ഇല്ലാത്തതും കൊച്ചി കോര്‍പ്പറേഷനുമായുള്ള അഭിപ്രായവ്യത്യാസവുമാണ് തീരുമാനത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ച്‌കൊണ്ട് ആങ്കര്‍ ഗ്രൂപ്പ് ഡയറകടര്‍ രംഗത്ത് വന്നത്