അഹമ്മദാബാദ്: ജി.എസ്.ടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ഗബ്ബര്‍ സിംഗ് ടാക്‌സ് ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സ് ആക്കുന്നതു വരെ വിശ്രമിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘ കേന്ദ്രത്തെ ഞങ്ങള്‍, ഗുജറാത്തിലെ ജനങ്ങളും ചെറിയ ഷോപ്പുകള്‍ നടത്തുന്നവരും ചേര്‍ന്ന്, സമ്മര്‍ദ്ദത്തിലാക്കി. അതുകൊണ്ട് ജി.എസ്.ടിയില്‍ 28 ശതമാനമുണ്ടായിരുന്ന പലതിനേയും 18 ശതമാനത്തിലേക്ക് മാറ്റിയതെന്ന് സന്തോഷത്തോടെ എനിക്ക് പറയാം.’ രാഹുല്‍ പറയുന്നു.

‘അഞ്ച് തലങ്ങളുള്ള ജി.എസ്.ടി ഗബ്ബര്‍ സിംഗ് ടാക്‌സ് ആണ്. ഒരു ലെവന്‍ മാത്രമാകുമ്പോള്‍ അത് ജി.എസ്.ടിയാകും. ഗുജറാത്തിനോ ഇന്ത്യയ്‌ക്കോ ഗബ്ബര്‍ സിംഗ് ടാക്‌സ് വേണ്ടതില്ല. 18 ശതമാനം മാത്രമുള്ള ഒരു ടാക്‌സ് സംവിധാനം മാത്രമേ ജി.എസ്.ടിയില്‍ പാടുള്ളൂ എന്ന് കോണ്‍ഗ്രസ് ബി.ജെ.പിയോട് വ്യക്തമാക്കിയതാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Also Read: ‘എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ബാര്‍ബറ്റോവിനെ ഞാന്‍ ചവിട്ടും’; മഞ്ഞപ്പടയുടെ പടത്തലവനെ വെല്ലുവിളിച്ച് ബംഗളൂരു എഫ്.സിയുടെ പ്രതിരോധ ഭടന്‍ ജോണ്‍സന്‍


ഗബ്ബര്‍ സിംഗ് ടാക്‌സ് രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ആഘാതം ഏല്‍പ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഗബ്ബര്‍ സിംഗ് ടാക്‌സ് രാജ്യത്തെ പാവങ്ങളെ കൊള്ളയടിക്കുകയാണ്. ചെറുകിട-മധ്യവര്‍ഗ്ഗ കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുക മാത്രമാണ് ഗബ്ബര്‍ സിംഗ് ടാക്‌സിന്റെ ലക്ഷ്യം.’ അദ്ദേഹം പറയുന്നു.

അതേസമയം ജി.എസ്.ടിയില്‍ കഴിഞ്ഞ ദിവസം ചെറിയ മാറ്റങ്ങള്‍ വരുത്തിയത് നല്ലതാണെന്നും പക്ഷെ തങ്ങള്‍ ഇവിടം കൊണ്ട് നിര്‍ത്തില്ലെന്നും ഗുജറാത്തിനും രാജ്യത്തിനും ഗബ്ബര്‍ സിംഗ് ടാകസിന് പകരം ജി.എസ്.ടി ലഭിക്കുന്നതുവരെ പോരാടുമെന്നും രാഹുല്‍ പറഞ്ഞു.