എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ രാജിവെക്കില്ല: ഗണേഷ് കുമാര്‍
എഡിറ്റര്‍
Wednesday 13th February 2013 12:57pm

തിരുവനന്തപുരം: താന്‍ രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. തന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി യു.ഡി.എഫിന് നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Ads By Google

തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രിയാണ്. അപ്പോള്‍ രാജിയുടെ കാര്യവും തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. രാജിവെയ്‌ക്കേണ്ട കാര്യമെന്താണെന്ന് അറിയില്ല. രാജിവെയ്ക്കാന്‍ മാത്രം ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍വലിച്ചെന്ന കേരള കോണ്‍ഗ്രസ് (ബി) ഔദ്യോഗിക തീരുമാനം അറിയിച്ച് പാര്‍ട്ടി പ്രതിനിധികള്‍ ഇന്നലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്ത് നല്‍കിയത്.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച പാര്‍ട്ടി പ്രതിനിധികളായ വേണുഗോപാലന്‍ നായര്‍, അഡ്വ. മനോജ് കുമാര്‍ എന്നിവരാണ് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ഒപ്പിട്ട കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സന്നിഹിതനായിരുന്നു.

22 മാസമായി പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത മന്ത്രിയെ പിന്‍വലിക്കാന്‍ ഈ മാസം ഏഴിന് എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇത്തരമൊരു മന്ത്രിയെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും ഉടന്‍ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം.

നിയമവശങ്ങള്‍ പഠിച്ച് 21ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു. തിങ്കളാഴ്ച നടന്ന യു.ഡി.എഫ് യോഗത്തിലും മന്ത്രിയെ പിന്‍ലിക്കുന്ന കാര്യം പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചിരുന്നു.

Advertisement