എഡിറ്റര്‍
എഡിറ്റര്‍
പേയ്‌സും ഭൂപതിയും ഒരുമിക്കണമെന്ന് കമ്മിറ്റി, എതിര്‍പ്പുമായി താരങ്ങള്‍
എഡിറ്റര്‍
Saturday 16th June 2012 11:09am

ന്യൂദല്‍ഹി: വഴിപിരിഞ്ഞ പേയ്‌സ് ഭൂപതി സഖ്യങ്ങള്‍ വീണ്ടും ഒരുമിക്കുന്നു. ലണ്ടന്‍ ഒളിംപിക്‌സിനായുള്ള ഡബിള്‍സ് മത്സരത്തിലാണ് പേയ്‌സ് ഭൂപതി സഖ്യങ്ങള്‍ മത്സരിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി അറിയിച്ചത്.

രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം കളിക്കണമെന്ന മഹേഷ് ഭൂപതിയുടെ ആവശ്യം ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ അംഗീകരിച്ചില്ല. ഒളിമ്പിക്‌സ് മത്സരത്തില്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയില്‍നിന്ന് ഒരു ടീം മാത്രം പങ്കെടുത്താല്‍ മതിയെന്നും കമ്മിറ്റിയില്‍ തീരുമാനമായി.

അതേ സമയം, ടെന്നിസ് അസോസിയേഷന്റെ തീരുമാനത്തില്‍ എതിര്‍പ്പുമായി ഭൂപതിയും ബൊപ്പണ്ണയും രംഗത്തെത്തിയിട്ടുണ്ട്. ”ടീമെന്ന നിലയില്‍ തങ്ങളെ പരിഗണിക്കണമെന്നും നിലവിലുള്ള ടീമിനെ മാറ്റി മറ്റൊരാള്‍ക്കൊപ്പം പങ്കെടുക്കാനുള്ള തീരുമാനം വരരുതെന്നും അറിയിച്ചതാണ്. എന്നാല്‍ അസോസിയേഷന്റെ തീരുമാനം ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. ‘- ഭൂപതി വ്യക്തമാക്കി.

ഡബിള്‍സ് ലോകറാങ്കിങ്ങില്‍ ആദ്യ പത്തു സ്ഥാനത്തുള്ളവര്‍ക്ക് ഒളിമ്പിക്‌സിലേക്ക് നേരിട്ട് എന്‍ട്രി ലഭിക്കും. ആരെ വേണമെങ്കിലും പങ്കാളിയാക്കാം. പെയ്‌സിന് മാത്രമേ ഇന്ത്യയില്‍ നിന്നു നേരിട്ട് എന്‍ട്രിയുള്ളു. എന്നാല്‍ ഭൂപതി – ബൊപ്പണ്ണ സഖ്യം ടീമെന്ന നിലയില്‍ 26-ാം റാങ്കുണ്ട്. അതുവഴി ഈ ടീമിനും പങ്കെടുക്കാം. പെയ്‌സിനൊപ്പം പങ്കാളിയായി മറ്റാരെയെങ്കിലും നിശ്ചയിച്ചാല്‍ രണ്ടു പേര്‍ക്കു കൂടി ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

പെയ്‌സിനൊപ്പം ഭൂപതിയെ ഇറക്കാനുള്ള തീരുമാനത്തോടെ രണ്ടു പേര്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള അവസരമാണ് അസോസിയേഷന്‍ നഷ്ടമാക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

അതേസമയം താരങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചേയ്യേണ്ടതില്ലെന്നും കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി വ്യക്തിഗത പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തണം. ഇവര്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായസമയത്തും നാല് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അത് ഇവിടേയും തുടര്‍ന്നാല്‍ മതി.

പരിശീലനത്തിനായി സര്‍ക്കാരില്‍ നിന്ന് ഒരു മാസം 6000 ഡോളര്‍ കൈപ്പറ്റുന്ന താരങ്ങളാണ് പേയ്‌സും ഭൂപതിയും. അങ്ങനെയുള്ള ഇവര്‍ക്ക് ഒളിംപിക്‌സില്‍ കളിക്കാതിരിക്കാനാവില്ല. അങ്ങനെയൊരു തീരുമാനം ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ മറ്റൊരു ടീമിനെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു പോലുമില്ലെന്നും ഒരുമിച്ച് കളിക്കാന്‍ തയാറില്ലെങ്കില്‍ ടീമിനെ അയയ്‌ക്കേണ്ടെന്നു തീരുമാനിക്കുമെന്നും സെക്രട്ടറി ജനറല്‍ അനില്‍ ഖന്ന പറഞ്ഞു.

Advertisement