എഡിറ്റര്‍
എഡിറ്റര്‍
‘എനിക്ക് എന്നെങ്കിലും മാതൃരാജ്യത്തേക്ക് തിരിച്ചുപോകാന്‍ കഴിയുമോ?’: തസ്‌ലീമ നസ്‌റിന്‍
എഡിറ്റര്‍
Saturday 24th November 2012 12:30pm

എഴുത്തുകാരനെ സൃഷ്ടിക്കുന്നത് വായനക്കാരാണ്. വായനക്കാരന്റെ അഭിരുചിക്കും സ്വന്തം യുക്തിക്കും അനുയോജ്യമായ രീതിയില്‍ എഴുതുന്നതിലാണ് എഴുത്തുകാരിയുടേയും എഴുത്തുകാരന്റെയും വിജയം.

എന്തിനെ കുറിച്ച് എങ്ങനെ എഴുതണമെന്ന് തീരുമാനിക്കാനുള്ള അവകാശം എഴുതുന്നയാളില്‍ നിക്ഷിപ്തമാണ്. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു ഭരണകൂടത്തിനും മതസാമുദായിക സംഘടനകള്‍ക്കോ അവകാശമോ അധികാരമോ ഇല്ല. എന്നിട്ടും എന്ത് കൊണ്ട് തസ്‌ലീമ നസ്‌റിന്‍ എന്ന എഴുത്തുകാരിയെ മാറ്റി നിര്‍ത്തുന്നു.

Ads By Google

അവരുടെ എഴുത്തുകള്‍ ആരെയെങ്കിലും പ്രകോപിപ്പിക്കുന്നുവെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് ഈ വിധമാണോ. തന്റെ അനുഭവങ്ങളില്‍ നിന്നുമാണ് തസ്‌ലീമ എഴുതുന്നത്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാക്കുന്നതും ഇപ്പോള്‍ അവരെ പുറത്താക്കിയ അതേ സര്‍ക്കാരും സംഘടനകളുമാണ്.

തസ്‌ലീമയെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചിരുന്ന പഴയ പ്രതിപക്ഷ നേതാവായിരുന്ന മമത പക്ഷെ ഭരണത്തിലേറിയപ്പോള്‍ അതൊക്കെ മറന്ന് പോയി.  മത മൗലികവാദികളുടെ രോഷത്തിനിരയാകുമെന്ന ഭയത്താല്‍ തസ്‌ലീമയെ തിരിച്ചുവിളിക്കാന്‍ ധീരയായ മമത തയ്യാറായില്ല.

എങ്കില്‍ പിന്നെ തസ്‌ലീമയെ മാത്രം പുറത്താക്കുകയും അവരെ എതിര്‍ക്കുന്ന മതമൗലികവാദികളെ തടയാതിരിക്കുകയും ചെയ്യുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ്.

തസ്‌ലീമ നസ്‌റീനെ കൊല്‍ക്കത്തയിലേയ്ക്ക് മടക്കി വിളിക്കണമെന്ന ആവശ്യവുമായി പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയും രംഗത്തെത്തിയിരുന്നു. ഓരോ എഴുത്തുകാരനും തന്റേതായ രീതിയില്‍ എഴുതുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്തുകൊണ്ട് ഈ സ്വാതന്ത്ര്യം തസ്‌ലീമയ്ക്ക് അനുവദിക്കുന്നില്ലെന്നും മഹാശ്വേതാ ദേവി ചോദിക്കുന്നു.

വായനക്കാര്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്ത സ്ഥിതിയ്ക്ക് അവര്‍ക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. കൊല്‍ക്കത്തയിലും അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് അനുവദിക്കണമെന്നും മഹാശ്വേത ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന ‘ലജ്ജാ ദിന’ (നാണക്കേടിന്റെ ദിവസം) യോഗത്തില്‍ സംസാരിക്കവേയായിരുന്നു മഹാശ്വേതയുടെ പരമാര്‍ശം.

വിഷയത്തില്‍ മമത ബാനര്‍ജി അവലംബിക്കുന്ന മൗനത്തേയും മഹാശ്വേത കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങള്‍ വോട്ടു നല്‍കിയത് മാറ്റത്തിനാണെന്നും പക്ഷെ ഇപ്പോഴത്തെ സര്‍ക്കാരും മുന്‍ സര്‍ക്കാരിന്റെ വഴി തന്നെയാണ് പിന്തുടരുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ സുനന്ദ സന്യാലും കുറ്റപ്പെടുത്തി. സിംഗൂര്‍നന്ദിഗ്രാം പ്രക്ഷോഭ കാലത്ത് മമതയുടെ പക്ഷത്ത് നിന്നിരുന്ന വ്യക്തിയായിരുന്നു സന്യാല്‍.

1993 ല്‍ പുറത്തിറങ്ങിയ തസ്‌ലീമയുടെ ‘ലജ്ജ’ എന്ന നോവലിനെ തുടര്‍ന്നാണ് തസ്‌ലീമയെ 1994 ല്‍ ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കുന്നത്. പിന്നീട് ഓരോ സ്ഥലങ്ങളില്‍ മാറി മാറി താമസിക്കേണ്ടി വന്ന തസ്‌ലീമ ഒടുക്കം കൊല്‍ക്കത്തയില്‍ താമസിക്കുകയായിരുന്നു.

എന്നാല്‍ 2007 നവംബര്‍ 22 ന് മതമൗലിക വാദികളുടെ ഫത്‌വയെ ഭയന്ന് അന്നത്തെ ഇടതു് സര്‍ക്കാര്‍ തസ്‌ലീമയെ നഗരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. അന്ന് മുതല്‍ ബുദ്ധി ജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്‍ക്കത്തയില്‍ നവംബര്‍ 22ന് ‘ലജ്ജാ ദിന’മായി ആചരിച്ചുവരികയാണ്.

ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ള ഒരു മനുഷ്യന്റെ മൗലികമായ അവകാശത്തെകുറിച്ച് തസ്‌ലീമ എഴുതുന്നു,

കൊല്‍ക്കത്ത എനിക്കൊരു സ്വപ്‌നമാണ്. അതിനേക്കാളുപരി എന്റെ ലക്ഷ്യത്തെ തിരഞ്ഞെടുക്കാനുള്ള അവകാശമെനിക്കുണ്ട്. ബംഗ്ലാദേശ് ഗവണ്‍മെന്റ് എന്ന് അനുമതി തരുന്നോ അന്ന് അവിടേക്ക് പോകാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ എന്റെ ജീവിതകാലത്തിനുള്ളില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയുമോ എന്നുള്ളതിന് ഒരുറപ്പും ഇല്ല. ഒരാളും എന്റെ കരച്ചില്‍ കേള്‍ക്കുന്നില്ല.

പശ്ചിമബംഗാളില്‍ ഗവണ്‍മെന്റ് മാറി. എന്നാല്‍ ബംഗ്ലാദേശ് ഇന്നും രാജ്യഭരണരീതി തന്നെ പിന്തുടരുകയാണ്. 19 വര്‍ഷക്കാലം ഞാന്‍ നാടുകടത്തല്‍ ഭീഷണിയിലാണ് കഴിഞ്ഞത്. എന്റെ കാര്യത്തിലുള്ള അവിടുത്തെ ഗവണ്‍മെന്റിന്റെ മനോഭാവത്തില്‍ ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു കൂട്ടം മതമൗലികവാദികള്‍ എന്നെ ആ നഗരത്തില്‍ നിന്നും നാടുകടത്തി.

എന്റെ എഴുത്ത് അധികാരികളുടെ രാഷ്ടീയ നിലപാടുകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എന്നതായിരുന്നു എന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. ചിലപ്പോള്‍ അത് ഷെയ്ഖ് ഹസീനയും മമതാ ബാനര്‍ജിയുമാവാം. അവര്‍ അവിടെ ഒരു ഉപഭൂഖണ്ഡമായിരുന്നില്ല, മുഴുവന്‍ ലോകമായിരുന്നു.’ തസ്‌ലീമ പറഞ്ഞു.

വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റിന് മുന്നില്‍ തസ്‌ലീമയുടെ നിവേദനം ഇന്നും നീതിയ്ക്കായി കാത്തുകിടക്കുകയാണ്. നിരവധി കത്തുകളും നിവേദനങ്ങളും മുഖ്യമന്ത്രിയ്ക്ക് മുന്നിലെത്തുന്നു. എന്നാല്‍ ഒന്നിനും മറുപടിയില്ലെന്ന് മാത്രം. ഇതില്‍ നിന്നെല്ലാം തസ്‌ലീമയുടെ തിരിച്ചുവരവ് ഗവണ്‍മെന്റിന്റെ ആവശ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി.

എന്നാല്‍ ഇതെന്നെ ബാധിക്കുന്നില്ലെന്നും എന്തുകൊണ്ടാണ് ഒരാള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനുള്ള അവകാശം ജനാധിപത്യം തനിക്ക് നിഷേധിക്കുന്നതെന്നും തസ്‌ലീമ ചോദിച്ചു.

ബംഗ്ലാദേശിലെ ഗവണ്‍മെന്റ് തന്നെ അവിടേക്ക് തിരിച്ചുപോവാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ബംഗാള്‍ നില്‍ക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അനുവദിച്ചതുകൊണ്ട് താന്‍ കൊല്‍ക്കത്തയില്‍ നില്‍ക്കുന്നു. ഞാന്‍ എഴുതുന്ന ഭാഷ സംസാരിക്കുന്നവരുടേയും എന്റെ എഴുത്തുകള്‍ വായിക്കുന്നവരുടേയും അടുത്തുനില്‍ക്കാന്‍ ഇവിടെ എനിക്ക് സാധിക്കുന്നു. എന്നാല്‍ വിസ റദ്ദാക്കിയതോടെ അതും സാധ്യമല്ലാതാക്കിയിരിക്കുന്നു.

സാംസ്‌കാരിക കാഴ്ചപ്പാടുകളിലൂടെ ആളുകളെ വേര്‍തിരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അതുകൊണ്ടുതന്നെ ബംഗാളിനേയും ബംഗ്ലാദേശിനേയും വേര്‍തിരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. തസ്‌ലീമയുടെ എഴുത്തുകള്‍ മൂലം അവരെ നാടുകടത്തുകയും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള അവരുടെ യാത്രകളും താമസവും നിരോധിച്ചിരുന്നു. എന്നാല്‍ 2004ല്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കിയശേഷവും അവയ്ക്കുമേലുള്ള നിരോധനം തുടരുകയാണ്.

ഞാന്‍ തുടര്‍ന്നും എഴുതും. മതമൗലികവാദത്തിനെതിരേയും സ്ത്രീയുടെ അവകാത്തിനുവേണ്ടിയും സാമൂഹികസമത്വത്തിന് വേണ്ടിയും പോരാടാന്‍ ഈ അനുഭവങ്ങള്‍ ഞാന്‍ ഉപയോഗിക്കും. എന്റെ എഴുത്തുകള്‍ ഇത്തരം സാമൂഹിക അസമത്വത്തിനെതിരെയാണ്. പുരോഗമനത്തില്‍ നിന്നും ആളുകളെ പുറകോട്ട് വലിക്കുന്ന നടപടികള്‍ക്കെതിരെ എഴുതിയതുകൊണ്ടാണ് എന്റെ ജന്മനാട്ടില്‍ നിന്ന് വരെ എന്നെ പുറത്താക്കിയത്’.

 

Advertisement