Categories

എല്‍.ഡി.എഫില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചാല്‍ സ്വീകരിക്കും:ഗൗരിയമ്മ

gouriyamma.

കോഴിക്കോട്: എല്‍.ഡി.എഫില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് കെ.ആര്‍.ഗൗരിയമ്മ.  മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ തന്നെ മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ടാണ് അന്ന് ക്ഷണം നിരസിച്ചതെന്നും ഗൗരിയമ്മ വ്യക്തമാക്കി.

അച്യുതാനന്ദന്‍ അനുകൂലിയായതുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടാന്‍ കാരണം വയലാര്‍ രവിയും കെ.സി വേണുഗോപാലും ആണെന്നും ഗൗരിയമ്മ പറഞ്ഞു.

യു.ഡി.എഫ് വിടാന്‍ ജെ.എസ്.എസ് അന്തിമ തീരുമാനത്തിലേക്കടുത്ത സാഹചര്യത്തിലാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയാവാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചപ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു അന്ന് പറഞ്ഞതെന്നും തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് എല്‍.ഡി.എഫിനോട് വിശദീകരിക്കാനാവശ്യപ്പെട്ടുവെന്നും ഗൗരിയമ്മ പറഞ്ഞു.

ആത്മാര്‍ത്ഥതയുള്ളവരെ തഴയുന്നതാണ് യു.ഡി.എഫിന്റെ രീതിയെന്നും ഗൗരിയമ്മ ആരോപിച്ചു.

ഇതിനിടെ യു.ഡി.എഫ് വിടാനുള്ള പ്രമേയം ജെ.എസ്.എസ് ജില്ലാ കമ്മറ്റി പാസാക്കി. എന്നാല്‍ ജെ.എസ്.എസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന കെ.കെ ഷാജു ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഗൗരിയമ്മ കാണിക്കുന്നത് നന്ദികേടാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനെ പുകഴ്ത്തിയിരുന്നയാളാണ് ഗൗരിയമ്മയെന്നും കെ.കെ ഷാജു പറഞ്ഞു.

അതേ സമയം മുന്നണി വിടുന്ന കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നതു പോലെ നടക്കുമെന്ന് ഗൗരിയമ്മ വ്യക്തമാക്കി.

Tagged with: | | |