ഇടുക്കി: അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നുണ പരിശോധയനയ്ക്ക് വിധേയനാകുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി.

Ads By Google

നുണപരിശോധനയ്ക്കു വിധേയനാക്കുമെന്ന വാര്‍ത്ത പത്രത്തിലാണു വായിച്ചതെന്നും അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാല്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സുഖമില്ല. പത്തു ചുവടുവച്ചാല്‍ പിന്നെ നടക്കാനാവാത്ത സ്ഥിതിയാണ്. ശ്വാസകോശം ചുരുങ്ങുന്നതാണെന്നും 60 ശതമാനം പ്രവര്‍ത്തനമേയുള്ളെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതൊക്കെ പരിശോധിച്ച് നിയമവശവും നോക്കിയിട്ടേ പരിശോധനയ്ക്ക് വിധേയനാകുന്ന കാര്യം തീരുമാനിക്കൂ.

അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണി അടക്കം നാലുപേരെ നുണപരിശോധനയ്ക്കു വിധേയരാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണിയെ കൂടാതെ സിപിഎം നേതാക്കളായ ഒ.ജി മദനന്‍, എ.കെ. ദാമോദരന്‍, കുട്ടന്‍ എന്നിവര്‍ക്കാണു നുണപരിശോധന നിശ്ചയിച്ചിരിക്കുന്നത്.

1982 നവംബര്‍ 19ന് ഉടുമ്പന്‍ചോല സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബിയെ വെടിവെച്ചു കൊന്നുവെന്നതാണ് മണിക്കും കൂട്ടര്‍ക്കുമെതിരെയുള്ള കേസ്.

കഴിഞ്ഞ മെയ് 25ന് മണി മണക്കാട് നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി കൊന്നുവെന്ന പരാമര്‍ശമാണ് സംഭവം വീണ്ടും കുത്തിപ്പൊക്കിയത്.

ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മണിയെ ചോദ്യം ചെയ്‌തെങ്കിലും മുപ്പത് വര്‍ഷം മുമ്പ് നടന്ന കാര്യം ഓര്‍മയില്ലെന്ന നിലപാടിലായിരുന്നു മണി. കൊലപാതകവുമായി ബന്ധപ്പെട്ട് മണിയും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എ. കെ. ദാമോദരനും പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു നല്‍കിയത്.