എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥം: പ്രധാനമന്ത്രി
എഡിറ്റര്‍
Monday 11th November 2013 11:05am

manmohan

ന്യൂദല്‍ഹി: സി.ബി.ഐയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

സി.ബി.ഐയുടെ നയമസാധുത ചോദ്യം ചെയ്യപ്പെട്ട വിഷയം ഗൗരവത്തോട കാണുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കും. നയപരമായ തീരുമാനത്തിലെ പിഴവ് ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സി.ബി.ഐയുടെ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കാതെയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സി സി.ബി.ഐയുടെ രൂപവത്കരണം അസാധുവാക്കിയ ഗുവാഹതി ഹൈകോടതി വിധി സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റിസ് പി. സദാശിവമാണ് സ്‌റ്റേ ഉത്തരവ് നല്‍കിയത്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സി.ബി.ഐക്കും കോടതി നോട്ടീസ് അയച്ചു.

2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, സിഖ് കൂട്ടക്കൊല തുടങ്ങിയ സുപ്രധാന കേസുകളടക്കം ആയിരക്കണക്കിന് കേസുകളുടെ നിലനില്‍പുതന്നെ ഗുവാഹതി ഹൈകോടതി വിധി ഇല്ലാതാക്കും.

അതിനാലാണ് വിധിക്കെതിരെ കേന്ദ്രം ശനിയാഴ്ചതന്നെ തിരക്കിട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സി.ബി.ഐ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന ഗുവഹാത്തി ഹൈക്കോടതിയുടെ സുപ്രധാനമായ വിധി ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പ്രസ്താവിച്ചത്.

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണ ഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നുമാണ് കോടതി പ്രസ്താവിച്ചത്.

2 ജി അഴിമതിക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ സി ബി ഐയ്‌ക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.

Advertisement