യാങ്കോണ്‍: പട്ടിണിയും ഭീകരവാദവും അഴിമതിയും വര്‍ഗീയതയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുമെന്ന് മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മാര്‍ കൗണ്‍സിലര്‍ ആങ് സാങ് സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമായിരുന്നു മോദിയുടെ പ്രതികരണം.

വംശീയ അക്രമങ്ങള്‍ നടക്കുന്ന മ്യാന്‍മറിന്റെ ആശങ്കകള്‍ക്കൊപ്പം ഇന്ത്യ പങ്കുചേരുന്നതായും നരേന്ദ്രമോദി പറഞ്ഞു. അക്രമത്തില്‍ നിരവധി നിരപരാധികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്നും സമാധാന ശ്രമത്തിലൂടെ അവിടെ ഉണ്ടായിട്ടുള്ള പ്രത്യേക പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


Also Read:  ‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍


മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് സ്യൂചിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചു. ഇന്ത്യന്‍ ജയിലുകളിലുള്ള 40 മ്യാന്‍മര്‍ പൗരന്‍മാരെ വിട്ടയക്കും. ഏതുവെല്ലുവിളി നേരിടാനും ഇന്ത്യ മ്യാന്‍മറിനൊപ്പമുണ്ടാകുമെന്നും മോദി അറിയിച്ചു.

സമാധാനം ഉറപ്പാക്കുന്ന പരിഹാരത്തിന് എല്ലാവരും പങ്കാളികളാണം. മ്യാന്‍മറിന്റെ അന്തസ്സിനെയും ഐക്യത്തേയും ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. വംശീയ അക്രമത്തെ തുടര്‍ന്ന് ഒന്നര ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.