എഡിറ്റര്‍
എഡിറ്റര്‍
സെക്സ്, ഡ്രഗ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ദല്‍ഹി പോലീസിന്റെ അറിവോടെ;പ്രതിഷേധം ശക്തമായി തുടരും:കെജ്‌രിവാള്‍
എഡിറ്റര്‍
Monday 20th January 2014 4:05pm

kejrivalspeaking

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സെക്സ് ഡ്രഗ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ അറിവോടെയാണെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.

പോലീസിനെതിരായ സമരം ശക്തമായി തുടരുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. ഇതോടെ ദല്‍ഹിയില്‍ സര്‍ക്കാരും പോലീസും തമ്മിലുള്ള പോര് മുറുകകയാണ്.

പോലീസിന്റെ അറിവോടെയല്ലാതെ ദല്‍ഹിയെപ്പോലൊരു നഗരത്തില്‍ ഇത്തരത്തിലുള്ള റാക്കറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

സെക്‌സ് റാക്കറ്റുകള്‍ക്കെതിരെ റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശിച്ചുള്ള ദല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിയുടെ ഉത്തരവിനെ നിരാകരിച്ച അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ ധര്‍ണ്ണ നടത്തുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

നഗരത്തില്‍ ഒന്നിനുപുറകെ ഒന്നായി പീഡനങ്ങള്‍ ഉയരുകയാണെന്നും അന്വേഷണം നടത്തും എന്ന ഉത്തരമല്ലാതെ യാതൊരു നടപടിയും ദല്‍ഹി പോലീസില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

സോംനാഥ് ഭാരതിയെ അനുസരിക്കാതിരുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിച്ചുവെന്നും പോലീസ് കമ്മീഷണറിനെതിരായുള്ള സമരത്തില്‍ പങ്കുകൊള്ളണമെന്നും അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

നിയമപ്രകാരമുള്ള സമാധാനപൂര്‍വ്വമായ സമരമാണ് തങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. ആക്രമണം തങ്ങള്‍ക്ക് ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

താന്‍ വിപ്ലവകാരിയാണെന്നും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കെതിരെ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തും വരെ ക്ഷമാപൂര്‍വ്വം കാത്തിരിക്കണമെന്നായിരുന്നു ഷിന്‍ഡെ നേരത്തെ പറഞ്ഞിരുന്നത്.

ഇതിനിടെ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണക്കെത്തിയ കെജ്‌രിവാളിനെ റെയില്‍ ഭവന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. റിപ്പബ്ലിക് ദിനം അടുത്തിരിക്കെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പോലീസ് ആപ്പ് പ്രവര്‍ത്തകരെ തടഞ്ഞത്.

പാര്‍ലമെന്റ് പരിസരങ്ങളിലും നോര്‍ത്ത് സൗത്ത് ബ്ലോക്ക്പ്രദേശങ്ങളിലും വിജയ് ചൗക്ക് പ്രദേശങ്ങളിലുമെല്ലാം ഞായറാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ ദല്‍ഹി പോലീസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement