Categories

നന്ദന്‍ നിലേകാനി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കും : വി ബാലകൃഷ്ണന്‍

v.balakrishnan

ബാംഗ്ലൂര്‍: ദല്‍ഹിയില്‍ ##ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനായി സാമൂഹിക രംഗത്തെ പ്രമുഖരില്‍ പലരും എത്തി.

ഇന്‍ഫോസിസിലെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വി. ബാലകൃഷ്ണനും പാര്‍ട്ടി അംഗത്വം നേടിയവരില്‍ ഉള്‍പ്പെടും.

ആം ആദ്മി അംഗമായിരിക്കെ തന്നെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന നന്ദന്‍ നിലേകാനിയെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് വി. ബാലകൃഷ്ണന്‍

ഇദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ നന്ദന്‍ നിലേകാനി കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് എന്ന വാര്‍ത്ത അടുത്തിടെയാണ് വന്നത്.

തന്റ അടുത്ത സുഹൃത്തായ നിലേകാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ക്യാമ്പയിന്‍ നടത്താന്‍ തയ്യാറാണെന്ന്  വി. ബാലകൃഷ്ണന്‍ വ്യക്തമാക്കി.

നന്ദന്‍ നിലേകാനി എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തോട് ഏറെ ബഹുമാനവും സ്‌നേഹവുമുണ്ട്. അദ്ദേഹത്തെ പോലെ ഒരാളാണ് ജനപ്രതിനിധിയായി വരേണ്ടത്.

അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനായി ക്യാമ്പയിന്‍ നടത്താന്‍ ഞാന്‍ തയ്യാറാണ്. ആം ആദ്മി പാര്‍ട്ടിയും അദ്ദേഹത്തെ പോലെ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. – ബാലകൃഷ്ണന്‍ പറഞ്ഞു.

നിലേകാനിക്കെതിരായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി താങ്കള്‍ക്ക് മത്സരിക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് , അതൊന്നും ഇപ്പോള്‍ പറയാവുന്ന കാര്യങ്ങളല്ലെന്നായിരുന്നു മറുപടി.

ഞാന്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയിലെ ഒരു അംഗം മാത്രമാണ്. എന്നെക്കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അതുകൊണ്ട് തന്നെ അതൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല- ബാലകൃഷ്ണന്‍ വ്യക്തമാക്കി.

രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥയെ ആം ആദ്മി പാര്‍ട്ടി പൊളിച്ചെഴുതുമെന്നും അഴിമതിക്കെതിരെ ആം ആദ്മിക്കൊപ്പം ജനങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയെപ്പോലൊരു പ്ലാറ്റ്‌ഫോം കിട്ടിയിട്ടും നാം ഓരോരുത്തരും എന്തുകൊണ്ട് അത് ഉപയോഗപ്പെടുത്തിയില്ല എന്ന് നാളെ ആലോചിക്കരുത്. അതുകൊണ്ടാണ് ആം ആദ്മിയിലെ ഒരു അംഗമാകാന്‍ താനും തയ്യാറായതെന്നും വി. ബാലകൃഷ്ണന്‍ പറഞ്ഞു.

Tagged with: