റീലിസിങ്ങിനു മുമ്പ് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പ്രകാശ് ഝാ ചിത്രം ആരക്ഷണ്‍ ആഗസ്റ്റ് 12ന് തിയ്യേറ്ററുകളിലെത്തും.

അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ദീപികാ പദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടമാണ് ആരക്ഷണില്‍ കാഴ്ചവച്ചിരിക്കുന്നത്.  സെയ്ഫ് ഒരു ദളിത് അധ്യാപകനായാണ് അഭിനയിക്കുന്നത്.

പ്രകാശ് ഝായുടെ രാജ്‌നീതി ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ഇതിനു പുറമേ വിവാദത്തിന്റെ കാര്യത്തിലും രാജനീതി പിന്നിലായിരുന്നില്ല. സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളായിരുന്നു രാജ്‌നീതിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. 102 ദിവസങ്ങളെടുത്താണ് പ്രകാശ് ഝാ രാജ്‌നീതി പൂര്‍ത്തിയാക്കിയതെങ്കില്‍ പുതിയ ചിത്രത്തിന്റെ പണി ഇതിലും വേഗം തീര്‍ക്കാന്‍ അദ്ദേഹതത്തിന് കഴിഞ്ഞു. 55 ദിവസങ്ങള്‍കൊണ്ടാണ് ആരക്ഷണ്‍ പൂര്‍ത്തിയാക്കിയത്.

. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്.  ‘സംവരണ വ്യവസ്ഥിതിക്ക് പരിഹാരമായി ഒരു ഒറ്റമൂലി നിര്‍ദേശിക്കുകയല്ല ആരക്ഷണിലൂടെ ചെയ്തിരിക്കുന്നത്. മറിച്ച് സംവരണ വ്യവസ്ഥയെ എല്ലാ തലങ്ങളിലൂടെയും നോക്കികാണാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തിയിട്ടുള്ളത്.’ ഝാ പറഞ്ഞു.

ആരക്ഷണ്‍ ദളിത് വിരുദ്ധ സിനമയാണെന്ന് ആരോപണങ്ങളോട് ഝാ പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോളിസിയുമായി ബന്ധപ്പെട്ടെടുക്കുന്ന ചിത്രത്തിന് ഒരിക്കലും എല്ലാവരെയും സംതൃപ്തരാക്കാന്‍ കഴിയില്ല. എന്നാല്‍ ഈ പോളിസിയുമായി ബന്ധപ്പെട്ട് പൊതുഅഭിപ്രായം ശേഖരിക്കുകയാണ് ചിത്രം ചെയ്യുക.’

ചിത്രത്തിന്റെ പ്രമേയത്തിനെതിരെ ആരക്ഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംഘടന രംഗത്തെത്തിയിരുന്നു. ഇതിനു പുറമേ ദ ബ്രാഹ്മിന്‍ സഭ, ചില ദളിത് സംഘടനകള്‍ തുടങ്ങിയവയും ആരക്ഷണിനെതിരെ മുന്നോട്ടുവന്നിരുന്നു. ഈ ഗ്രൂപ്പുകളില്‍ മിക്കതിനും അവരുടേതായ അജണ്ടയുണ്ടെന്നാണ് ഝാ പറയുന്നത്. ഈ ചിത്രം കാണാന്‍ അവരെ ക്ഷണിച്ചിട്ടില്ല. ചിത്രം കാണാതെ എങ്ങനെയാണ് അതിനെ കുറ്റം പറയുകയെന്നും അദ്ദേഹം ചോദിച്ചു.

‘ആരക്ഷണ്‍’ ദളിത് വിരുദ്ധ സിനിമയോ?