ലണ്ടന്‍: 2004ലെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട അമേരിക്കന്‍ സേനയുടെ 400,000 രേഖകള്‍ വിക്കി ലീക്ക്‌സ് പുറത്തുവിട്ടു. ലോകം കണ്ട ഏറ്റവും വലിയ സൈനികരഹസ്യങ്ങളുടെ ചോര്‍ച്ചയാണിതെന്നാണ് വിക്കി ലീക്ക്‌സ് അവകാശപ്പെടുന്നത്.യു.എസ് ഗവണ്‍മെന്റിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഈ രേഖകള്‍ വിസില്‍-ബ്ലോയിംങ് വെബ് സൈറ്റ് വിക്കി ലീക്ക്‌സ് പുറത്തുവിട്ടത്. പിന്നീട് ഈ വിവരങ്ങള്‍ ലോകത്തിലെ പല ന്യൂസ് ഏജന്‍സികള്‍ക്കും നല്‍കി.

ഇറാഖ് യൂദ്ധത്തില്‍ കൊല്ലപ്പെവരുടെ യഥാര്‍ത്ഥ കണക്ക് സൂക്ഷിച്ചിട്ടില്ല എന്ന യൂ.എസ് സൈനികരുടെ വാദമാണ് ഇതോടെ പൊളിയുന്നത്.ഇറാഖ് പോലീസിനോടും പട്ടാളത്തോടും സൈന്യം കാണിച്ച ക്രൂരതകളെല്ലാം വിക്കിലീക്കസിലൂടെ പുറത്തുവന്നിരിക്കുകയാണ്.

മരിച്ചയാളുകളെക്കുറിച്ചുള്ള ഒരു രേഖയും സൂക്ഷിച്ചിട്ടില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍. എന്നാല്‍ വിക്കിലീക്കസിലൂടെ ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം 109,000 പേര്‍ കൊല്ലപ്പെട്ടതില്‍ 66,081 പേര്‍ സാധാരണക്കാരാണ്. 23,984 അക്രമികളും 15,196 ഇറാഖ് ഗവണ്‍മെന്റിന്റെ സൈന്യാംഗങ്ങളും 3,771 സഖ്യസേനാംഗങ്ങളും കൊല്ലപ്പെട്ടതായി രേഖകളില്‍ പറയുന്നു.

അഫ്ഖാന്‍ യുദ്ധവുമായി ബന്ധപ്പെട്ട 92,000 രേഖകള്‍ വിക്കിലീക്കസിന് ചോര്‍ത്തിക്കൊടുത്ത അതേ ഉറവിടത്തില്‍ നിന്നാണ് ഈ വിവരങ്ങളും ലഭിച്ചതെന്നാണ് കരുതുന്നത്.
രേഖകള്‍ ചോര്‍ന്നതിനെപ്പറ്റി പ്രതികരിക്കാന്‍ യു.എസ് സെക്രട്ടറി ഹിലാരി ക്ലിന്റെന്‍ തയ്യാറായില്ല.