ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളിലെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കിരാത മുഖം ലോകത്തിന് നഗ്നമായി കണിച്ചു കൊടുത്ത വിക്കീലീക്‌സ് വെബ്‌സൈറ്റ് തിരിച്ചു വരാന്‍ പിന്‍വാങ്ങിയിരിക്കുന്നു. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്താനാവാത്തതിനാലാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

അമേരിക്കയുടെ ആയിരക്കണക്കിന് രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുകൊണ്ട് വന്നത് പല അമേരിക്കന്‍ കമ്പനികളും വിക്കീലീക്‌സിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കാരണമായി. അമേരിക്കന്‍ സ്ഥാപനങ്ങളായ പേ പാല്‍, മാസ്റ്റര്‍ കാര്‍ഡ്, വിസ, വെസ്റ്റേണ്‍ യൂണിയന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഡിസംബറില്‍ ഏകപക്ഷീയമായി വെബ്‌സൈറ്റിനുള്ള സാമ്പത്തിക സഹായം പിന്‍വലിച്ചിരുന്നു.

Subscribe Us:

താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്ന കാര്യം സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ തന്നെയാണ് വെളിപ്പെടുത്തിയത്. അമേരിക്കന്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിലച്ചതോടെ കോടിക്കണക്കിന് വരുമാനമുണ്ടായിരുന്ന സ്ഥാപനത്തിന്റെ 95 ശതമാനം വരുമാനവും കുറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായും നിര്‍ത്തേണ്ടി വരുമെന്നും അസാന്‍ജെ പറഞ്ഞു.

അമേരിക്ക ഇടപെട്ട് വിക്കീലീക്‌സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. സംഭാവനകളായി ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് ഡോളറാണ് അതിലൂടെ വിക്കിലീക്‌സിന് നഷ്ടപ്പെട്ടത്. കൂടുതല്‍ പണം സ്വരൂപിച്ച് തിരിച്ചുവരുമെന്നും പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്ന ഈ കാലയളവ് ധനസമാഹരണത്തിനുള്ള സമയമായി കണക്കാക്കിയാല്‍ മതിയെന്നും അസാന്‍ജെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.