സിഡ്‌നി: യുഎസിനെ സംബന്ധിച്ച നിരവധി രഹസ്യ വിവാദ കേബിളുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ വിക്കിലീക്‌സ് വെബ്‌സെറ്റിന് നേരെ ഹാക്കര്‍മാരുടെ ആക്രമണം. സൈറ്റിന് നേരെ സൈബര്‍ ആക്രമണം നടന്നതായി വീക്കിലീക്‌സ് സംഘം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കയാണെന്നും വിക്കിലീക്‌സ് വെബ്‌സൈറ്റിലെ ‘മിറര്‍’ എന്ന ലിങ്കിനു നേര്‍ക്കാണ് ആക്രമണമുണ്ടായതെന്നും ഇതില്‍ നിന്നു ഈ പേജിന്റെ മറ്റൊരു ലിങ്ക് ലഭിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലോക രാജ്യങ്ങളുമായി യുഎസിന്റെ നയതന്ത്രബന്ധങ്ങളെവരെ ബാധിക്കാവുന്ന രേഖകള്‍ പുറത്ത് വിട്ടതിന് മണിക്കൂറുകള്‍ക്കകമാണ് സൈറ്റിന് നേരെ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഒബാമ ഭരണകൂടത്തിനു തലവേദന സൃഷ്ടിച്ചേക്കാവുന്ന വിദേശകാര്യവകുപ്പിന്റെ നിരവധി പ്രധാന രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടിരിക്കുന്നതെന്ന് അമേരിക്കന്‍ ഉദ്ദ്യേഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത കൈവന്നിട്ടില്ല.