ലക്‌നൗ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. തനിക്കെതിരെ വിക്കി ലീക്‌സ് പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമില്ലാത്തതാണ്. തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടതെന്നും മായവതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പുതിയൊരു ജോടി പാദരക്ഷ കൊണ്ടുവരാനായി മായാവതി ലഖ്‌നൗവില്‍നിന്ന് മുംബൈയിലേക്ക് സ്വകാര്യ വിമാനം അയച്ചെന്നതുള്‍പ്പെടെ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. ഈ വെളിപ്പെടുത്തലുകള്‍ക്ക് ലഭിക്കുന്ന മാധ്യമപ്രാധാന്യം ദളിത് വിരുദ്ധനിലപാടിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

വിക്കിലീക്‌സിന്റെ സ്ഥാപകന് ഒന്നുകില്‍ ഭ്രാന്താണ്. അല്ലെങ്കില്‍ തന്റെ രാഷ്ട്രീയ എതിരാളികളുമായി ചേര്‍ന്ന് തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തെ ഏതെങ്കിലും മാനസിക ആരോഗ്യകേന്ദ്രത്തിലേക്കയക്കാന്‍ ആ രാജ്യത്തെ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുന്നു. അവര്‍ അത് ചെയ്യാന്‍ മടിക്കുകയാണെങ്കില്‍ അസാന്‍ജെയെ ആഗ്രയിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കണമെന്നും മായാവത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ യു.എസ്. നയതന്ത്രജ്ഞര്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയച്ച രേഖയിലാണ് മായാവതിക്കെതിരായ പരാമര്‍ശമുണ്ടായിരുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയാവണമെന്ന് മായാവതി സ്വപ്നം കണ്ടുനടക്കുന്നു, സ്വാര്‍ഥതയും അഹംഭാവവുമാണ് അവരുടെ മുഖമുദ്ര, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് അത് രുചിച്ചുനോക്കാനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ രേഖകളാണ് വിക്കിലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.