വാഷിങ്ടണ്‍: വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളിലുള്ളത് അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി പി.ജെ.ക്രൗലി. ഇതുസംബന്ധിച്ച അമേരിക്കയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

വിക്കിലീക്ക്‌സ് പുറത്തുവിട്ട രണ്ടരലക്ഷത്തോളം രേഖകള്‍ പുറത്തുവന്നതില്‍ ആശങ്കപ്പെടാനില്ല. ഇത് വെറും പ്രാഥമിക വിവരങ്ങളുടെ വ്യാഖ്യാനം മാത്രം. വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ അംബാസിഡര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരമാണ് വിക്കിലീക്ക്‌സിലൂടെ പുറത്തുവന്നത്. അവരുടെ അധ്വാനം അമേരിക്കയ്ക്ക് വിലമതിക്കാനാവാത്തതാണ്.

ഇത്തരം റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് അമേരിക്ക ഒരു കാര്യത്തില്‍ നിലപാടെടുക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ മാത്രം അടിസ്ഥാനമാക്കി ഏതെങ്കിലും രാജ്യത്തിനെതിരാണ് അമേരിക്ക എന്നു പറയാന്‍ കഴിയില്ല. പ്രാഥമിക രേഖകള്‍ പരിശോധിച്ച് അതിനെക്കുറിച്ച് വലിയ ചര്‍ച്ച നടത്തിയാണ് അമേരിക്ക നിലപാടെടുക്കുന്നത്. ക്രൗലി കൂട്ടിച്ചേര്‍ത്തു.

വിക്കിലീക്ക്‌സ് കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇതിനെ ചെറുത്തുനില്‍ക്കാനുള്ള മുന്‍കരുതലായാണ് പലരും ഈ നിലപാടിനെ വ്യാഖ്യാനിക്കുന്നത്.