തിരുവനന്തപുരം: അമേരിക്കന്‍ നിക്ഷേപം സംബന്ധിച്ച് സി.പി.ഐ.എം നിലപാട് വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ പുറത്ത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍ മന്ത്രമാരായ തോമസ് ഐസക്, എം.എ ബേബി എന്നിവരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ചര്‍ച്ച നടത്തിയ കാര്യം തോമസ് ഐസക് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച രേഖകളാണ് രണ്ട് വിഭാഗങ്ങളിലായി വിക്കിലീക്‌സ് പുറത്തുവിട്ടത്. വി.എസ് അച്ച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ച ഒരു പേജിലും മറ്റ് സി.പി.ഐ.എം നേതാക്കളുമായി നടത്തിയ ചര്‍ച്ച മറ്റൊരു പേജിലുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രേഖയില്‍ വി.എസ് അച്ച്യുതാനന്ദനെ പാരമ്പര്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉറച്ച കമ്മ്യൂണിസ്റ്റ് നേതാവായണ് വിവരിക്കുന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം നേതാക്കള്‍ അമേരിക്കന്‍ നിക്ഷേപത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് രേഖകള്‍ പറയുന്നു. എന്നാല്‍ വി.എസ് അച്ച്യുതാനന്ദന്‍ മൂന്ന് മേഖലകളില്‍ മാത്രമാണ് വിദേശ നിക്ഷേപം വേണമെന്ന് പറയുന്നത്.

സ്റ്റാലിന്‍, ലെനിന്‍ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രത്തിന് താഴെയിരുന്നാണ് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ അമേരിക്കന്‍ നിക്ഷേപത്തിന് വേണ്ടി ശക്തമായി വാദിച്ചതെന്നും ഇത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ വിദേശ നിക്ഷേപത്തിന് പ്രതികൂലമായ സാഹചര്യമില്ലെന്നും പ്ലാച്ചിമട കൊക്കക്കോല സമരം പ്രാദേശിക, പരിസ്ഥിതി എതിര്‍പ്പ് മാത്രമെന്നും പിണറായി പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. പാശ്ചാത്യ നിക്ഷേപത്തോട് എതിര്‍പ്പുള്ള എന്‍.ജി.ഒകളാണ് പ്ലാച്ചിമട സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിന്റെ വേഗത്തിലുള്ള വികസനത്തിന് ഇവിടത്തെ ബജറ്റ് മതിയാകില്ലെന്നും അമേരിക്കന്‍ നിക്ഷേപം ആവശ്യമാണെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനാണ് തോമസ് ഐസക് ശ്രമിച്ചത്. വിദേശ നിക്ഷേപം സ്വീകരിക്കുന്നത് ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് എതിരല്ലെന്ന് എം.എ ബേബി ഉദ്യോസ്ഥരോട് പറഞ്ഞതായും രേഖകള്‍ വ്യക്തമാക്കുന്നു.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ഗവര്‍ണര്‍, പ്രതിപക്ഷനേതാക്കള്‍ എന്നിവര്‍ വിദേശനിക്ഷേപം സംബന്ധിച്ച് യു.എസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മറ്റൊരു പേജിലാണ് വിക്കിലീക്‌സ് വ്യക്തമാക്കുന്നത്. 2011 ആഗസ്റ്റ് 26ന് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

യു.എസ് നയതന്ത്രപ്രതിനിധി ആന്‍ഡ്ര്യൂ സിംകിന്‍ ആഗസ്റ്റ് 29ന് തിരുവനന്തപുരത്തെത്തി കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍, ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, ചീഫ് സെക്രട്ടറി പി.ജെ. തോമസ്, ധനകാര്യമന്ത്രി തോമസ് ഐസക്, ഡി.ജി.പി, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായാണ് സിംകിന്‍ ചര്‍ച്ച നടത്തിയതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് വി.എസ് ചില നിബന്ധനകള്‍ മുന്നോട്ടുവച്ചു. ഐ.ടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശ നിക്ഷേപം വേണമെന്നാണ് വി.എസ് പറഞ്ഞത്.

യോഗത്തിന് മുമ്പുതന്നെ നിരവധി റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും അദ്ദേഹം ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളത്തില്‍ മൂന്ന് മേഖലയില്‍ വിദേശനിക്ഷേപം പ്രോത്സാപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

വി.എസിനെക്കുറിച്ച് യു.എസ് കാഴ്ചപ്പാടും രേഖകള്‍ വ്യക്തമാക്കുന്നു. 2006ല്‍ അധികാരത്തിലെത്തും മുന്‍പ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായിയുടേയും കൂട്ടരുടേയും ഉദാരവിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി എതിര്‍ത്ത് പരാജയപ്പെട്ടയാളാണ് വി.എസ്. ആഗസ്റ്റ് ആദ്യം കേരളത്തിലെ എല്ലാമേഖലയിലും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിന് പിണറായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിണറായിയുടെ ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ത്ത് പരാജയപ്പെട്ട വി.എസ് പിന്നീട് തന്റെ പോളിസിയില്‍ മാറ്റം വരുത്തുന്നത് കേരളം പുതിയ ദിശയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനകളാണെന്നും രേഖകളില്‍ പറയുന്നു.

പിണറായി വിജയനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന്റെ വിക്കിലീക്‌സ് രേഖകള്‍

വി.എസ് അച്ച്യുതാനന്ദനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ രേഖകള്‍