ന്യൂയോര്‍ക്ക്: സുരക്ഷയുടെ പേരില്‍ ജമ്മുകശ്മീരില്‍ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തുന്നതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. അന്താരഷ്ട്ര റെഡ്‌ക്രോസ് സംഘടന അമേരിക്കന്‍ നയതതന്ത്രപ്രതിനിധികള്‍ക്കയച്ച രേഖകളാണ് വിക്കിലീക്‌സ് ചോര്‍ത്തിയിരിക്കുന്നത്.

കശ്മീരികളെ അകാരണമായി അറസ്റ്റുചെയ്യുകയും മര്‍ദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് നല്‍കുകയും ചെയ്യുന്ന സൈനികര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതായും റെഡ്‌ക്രോസ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിക്രമങ്ങളോട് ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ പറയുന്നു.

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുക, യുവാക്കളെ അകാരണമായി അറസ്റ്റ് ചെയ്യുക, അറസ്റ്റുചെയ്ത ശേഷം കസ്റ്റഡിയില്‍ പീഡിപ്പിക്കുക, ഇലക്ട്രിക് ഷോക് നല്‍കുക, കാല്‍മുട്ടുകളും കൈമുട്ടുകളും ലാത്തികൊണ്ട് അടിച്ചൊതുക്കുക എന്നീ മൂന്നാംമുറകള്‍ ഇന്ത്യന്‍ സൈന്യം പ്രയോഗിച്ചിരുന്നതായും പുറത്തായ രേഖകള്‍ സൂചിപ്പിക്കുന്നു.

വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തലുകളോട് ന്യൂദല്‍ഹി ഇതുവരെ പ്രതികരിച്ചിട്ടില്ല. യു എസിലെ ന്യൂയോര്‍ക്ക് ടൈംസ്, ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍, ഫ്രാന്‍സിലെ ലെ മോണ്ടെ, എല്‍ പാരിസ്, ജര്‍മനിയിലെ ദെര്‍ സ്പിജല്‍ എന്നിവയിലൂടെയാണ് വിക്കിലീക്‌സ് ഈ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.