ന്യൂദല്‍ഹി: ഹിന്ദു ദേശീയതുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി വിക്കിലീക്‌സ് രേഖകള്‍. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളം സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് 2011ല്‍ അരുണ്‍ ജെയ്റ്റ്‌ലിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിക്കിലീക്‌സ് രേഖകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

‘ഹിന്ദു ദേശീയതയെന്നത് ബി.ജെ.പിയുടെ അവസരവാദ നയമാണെന്നാണ് 2005 മെയ് ആറിന് യു.എസ് നയതന്ത്രജ്ഞനുമായി നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞത്.

‘ ഹിന്ദു ദേശീയതയെന്നത് എല്ലാകാലത്തും ബി.ജെ.പിക്ക് ചര്‍ച്ചാ വിഷയമാണ്. എന്നിരുന്നാലും ഇതൊരു അവസരവാദ വിഷയമാണ്’ എന്നാണ് ഹിന്ദുത്വയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ജെയ്റ്റ്‌ലി പറഞ്ഞതെന്നാണ് വിക്കിലീക്‌സ് രേഖകളില്‍ പറയുന്നത്.


Must Read: ‘കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി’ ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു


അദ്ദേഹം ഈ നിലപാടിനെ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ‘ ഉദാഹരണമായി ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്ത് ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഹിന്ദുത്വ ഇവിടങ്ങളില്‍ നന്നായി ഉപയോഗിക്കാം. ഇന്ത്യ- പാക് ബന്ധത്തില്‍ അടുത്തിടെയുണ്ടായ പുരോഗതി കാരണം ദല്‍ഹിയില്‍ ഹിന്ദു ദേശീയത അത്രയധികം വര്‍ക്കാവില്ല. എന്നാല്‍ പാര്‍ലമെന്റ് ആക്രമണം പോലുള്ള ഒരു വിദേശ ആക്രമണമുണ്ടാകുമ്പോള്‍ ഈ അവസ്ഥ മാറും.’ എന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.

ഇന്ത്യ- യു.എസ് ബന്ധം തകര്‍ക്കാന്‍ പറ്റാത്തതാണെന്ന് ജെയ്റ്റ്‌ലി പലതവണ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്ക് യു.എസ് വിസ നിഷേധിച്ചത് ജെയ്റ്റ്‌ലിയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ യു.എസ് ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്കു പങ്കുവഹിച്ച ഒരു പാര്‍ട്ടിയുടെ നേതാവിന് വിസ നിഷേധിച്ച യു.എസ് നടപടി ആ നേതാവിനെതിരെയുള്ള വ്യക്തിപരമായ ആക്രമണമാണെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യ യു.എസ് ബന്ധം ഒരു വിവാദവിഷമേ ആവില്ലെന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്യുന്നു. അതിന് തന്റെ തന്നെ ഉദാഹരണമാണ് ജെയ്റ്റ്‌ലി നിരത്തുന്നത്.

‘ന്യൂയോര്‍ക്കിനും, ഡി.സിയ്ക്കും ഇടയില്‍ തനിക്ക് അഞ്ചു വീടുകള്‍ സന്ദര്‍ശിക്കാനുണ്ട്’ എന്നാണ് തന്റെ നിരവധി ബന്ധുക്കളും സഹോദരങ്ങളും യു.എസിലുണ്ടെന്നു പറഞ്ഞുകൊണ്ട് ജെയ്റ്റ്‌ലി പറയുന്നത്.