വാഷിംഗ്ടണ്‍: അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിന്റെ അടുത്ത ലക്ഷ്യം യു.എസിലെ പ്രധാന ബാങ്കാണെന്ന് റിപ്പോര്‍ട്ട്. ബാങ്കിന്റെ ആഭ്യന്തര രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കാനാണ് വിക്കിലീക്ക്‌സിന്റെ അടുത്ത ശ്രമമെന്ന് ഫോര്‍ബ്‌സ് മാസിക റിപ്പോര്‍ട്ടു ചെയ്തു.

നയതന്ത്ര രേഖകള്‍ പുറത്തുവിട്ടതിനെതിരെ കര്‍ശന പടപടിയെടുക്കണമെന്ന് ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് ബാങ്കിന്റെ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ വെബ്‌സൈറ്റ് ഒരുങ്ങുന്നത്. ബാങ്കിന്റെ വന്‍ അഴിമതി കഥകളാണ് അടുത്തവര്‍ഷം പുറത്തുവിടുന്ന രേഖകളിലുണ്ടാവുക.

എന്നാല്‍ ഏത് ബാങ്കാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. രഹസ്യരേഖകളുടെ ഉള്ളടക്കവും വ്യക്തമാക്കാനാവില്ല.- ലണ്ടനില്‍ ഫോര്‍ബ്‌സിനനുവദിച്ച അഭിമുഖത്തില്‍ ജൂലിയാന്‍ അസാന്‍ജെ പറഞ്ഞു.

അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് സുപ്രധാന നയതന്ത്ര രഹസ്യങ്ങള്‍ അടങ്ങിയ രണ്ടര ലക്ഷത്തോളം രഹസ്യരേഖകള്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടിരുന്നു.