ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ യു.എസ് ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തിയതായി വിക്കിലീക്‌സ്. യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി പ്രൊവൈഡറായ ക്രോസ് മാച്ച് ടെക്‌നോളജിയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സഹായം സി.ഐ.എയ്ക്കു ചെയ്തു നല്‍കിയതെന്നും വിക്കിലീക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് ഇതേ ക്രോസ് മാച്ച് ടെക്‌നോളജിയാണ്.

‘സി.ഐ.എ ചാരന്മാര്‍ ഇന്ത്യക്കാരുടെ ഐ.ഡി കാര്‍ഡ് വിവരങ്ങള്‍ ഇതിനകം ചോര്‍ത്തിയോ?’ എന്നാണ് വിക്കിലീക്‌സ് വെള്ളിയാഴ്ച ട്വീറ്റു ചെയ്തത്. ‘ഇന്ത്യയുടെ ആധാര്‍ ഡാറ്റാാബെയ്‌സ് സി.ഐ.ഐ ചോര്‍ത്തിയോ?’ എന്നും അവര്‍ ട്വീറ്റു ചെയ്തു.

എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്. ബയോമെട്രിക് വിരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനി മാത്രമാണ് ക്രോസ് മാച്ചെന്നും ഇതിന് ആധാര്‍ സര്‍വറുകള്‍ ശേഖരിച്ച വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്നുമാണ് അധികൃതരുടെ അവകാശവാദം.

രാജ്യത്ത് ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തികളുടെ സാമ്പത്തിക, സാമൂഹ്യ ഇടപെടലുകളടക്കംനിരീക്ഷിക്കാനാകും. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഈ വിവരങ്ങളാണ് സി.ഐ.എ ചോര്‍ത്തിയിട്ടുള്ളത്. ആധാറിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നതായിരുന്നു.

അടുത്തിടെ ആധാര്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനുള്ള അത്യാവശ്യ രേഖയായി പ്രഖ്യാപിച്ച തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രതിരോധിച്ചത് ആധാര്‍ ഡാറ്റ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ഇതിനകം തന്നെ ചോര്‍ന്നെന്ന സംശയമാണ് വിക്കിലീക്‌സ് രേഖകള്‍ ഉയര്‍ത്തുന്നത്.