ലണ്ടന്‍: സ്‌ഫോടനാത്മകമായ നിരവധി വിവരങ്ങള്‍ പുറത്ത് വിട്ടതിലുടെ ലോകശ്രദ്ധയാകര്‍ഷിച്ച സ്വതന്ത്ര വെബ്‌സൈറ്റ് വീക്കിലിക്‌സ് പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്ന് ഉപജ്ഞാതാവ് ജൂലിയന്‍ അസാന്‍ഞ്ചെ. ധനസമാഹരണത്തിന് വേണ്ടിയാണ് താല്‍ക്കാലികമായി പ്രസിദ്ധീകരണം നിര്‍ത്തുന്നത്. ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അസാന്‍ഞ്ചെ ഇക്കാര്യം വ്യക്തമാക്കിയത്.

വീക്കിലിക്‌സിന്റെ ഫണ്ട് ബ്ലോക്ക് ചെയ്തത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത തീരുമാനമെടുക്കാന്‍ അസാഞ്ചെയെ പ്രേരിപ്പിച്ചത്. സൈറ്റിലേക്കുള്ള തൊണ്ണൂറ്റഞ്ച് ശതമാനം ഫണ്ടും ബ്ലോക്ക ചെയ്യപ്പെട്ടിരിക്കുകയാണ്. വിക്കിലീക്‌സിനുളള ധനം കൈമാറിയിരുന്ന വീസ, മാസ്റ്റര്‍കാര്‍ഡ്, വെസ്‌റ്റേണ്‍ യൂണിയന്‍, പേപാല്‍ എന്നീ ധനകാര്യസ്ഥാപനങ്ങള്‍ കരാര്‍ അവസാനിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.

യു.എസിനെ സംബന്ധിച്ച നിരവധി രഹസ്യ വിവാദ രേഖകള്‍ പുറത്ത് വിട്ടതോടെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വീക്കിലിക്‌സുമായി ഇടഞ്ഞത്. നേരത്തെ ലോകരാജ്യങ്ങളുമായി യു.എസിന്റെ നയതന്ത്രബന്ധങ്ങളെ വരെ ബാധിക്കാവുന്ന രേഖകള്‍ പുറത്ത് വിട്ടതിന് ശേഷം സൈറ്റിന് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഒബാമ ഭരണകൂടത്തിനു തലവേദന സൃഷ്ടിച്ചേക്കാവുന്ന വിദേശകാര്യവകുപ്പിന്റെ 2.4 ലക്ഷത്തോളം വരുന്ന് രഹസ്യരേഖകളാണ് വീക്കിലിക്‌സ് പുറത്ത് വിട്ടത്.

വീക്കിലിക്‌സിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അസാഞ്ചെ ആരോപിച്ചു. നിയമവിരുദ്ധ സാമ്പത്തിക ഉപരോധം വീക്കിലിക്‌സിന്റെ വരുമാന മാര്‍ഗ്ഗം ഇല്ലാതാക്കിയാനാലാണ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതെന്നും പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്‍ വെബ് സൈറ്റ് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തേണ്ടി വരുമെന്നും അസാഞ്ചെ വ്യക്തമാക്കി.