ന്യൂദല്‍ഹി: ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ആവശ്യപ്പെടില്ലെന്ന് ഇന്ത്യ അമേരിക്കയ്ക്ക് ഉറപ്പുനല്‍കിയതായി വിക്കിലീക്‌സ് രേഖകള്‍. ഹെഡ്‌ലിയെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ അന്നത്തെ അമേരിക്കന്‍ സ്ഥാനപതി റോമറോട് പറഞ്ഞതായി രേഖകള്‍ വെളിപ്പെടുത്തുന്നു.

2009 ഡിസംബറില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. രണ്ടു കാര്യങ്ങളാണ് തിമോത്തി റോമര്‍ നാരായണനോട് പറഞ്ഞത്. ആണവ ബാധ്യതാബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രവേഗം പാസാക്കിയെടുക്കാന്‍ കഴിയുമെന്നും ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നിര്‍ബന്ധം പിടിക്കരുത് എന്നുമാണ് റോമര്‍ പറഞ്ഞത്. ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് നാരായണന്‍ മറുപടി നല്‍കി.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും നിങ്ങള്‍ പിന്മാറണമെന്നും ഹെഡ്‌ലിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നും റോമര്‍ നാരായണനോട് ആവശ്യപ്പെട്ടു. ഹെഡ്‌ലിയെ വിട്ടുതരണമെന്ന് ആവശ്യപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ആവില്ലെന്നും എന്നാല്‍ ഇത്തവണ ഇന്ത്യ അത് ആവശ്യപ്പെടില്ലെന്നും നാരായണന്‍ തിമോത്തി റോമര്‍ക്ക് ഉറപ്പുനല്‍കി. ഹെഡ്‌ലിയെ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടേണ്ട. അവ പരിഹാസ്യമാണ്. ഹെഡ്‌ലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ കിടക്കുമെന്നും നാരായണന്‍ ഉറപ്പുനല്‍കി.