അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങളുടെ അരമന പൊളിച്ച, അമേരിക്കന്‍ സൈന്യത്തിന്റെ ദുര്‍മുഖം അനാവരണം ചെയ്ത, ലോകരാജ്യങ്ങളുടെ പേടിസ്വപ്‌നമാി മാറിയ വിക്കിലീക്‌സിന്റെ രേഖകള്‍ സൂക്ഷിക്കുന്ന ഉറവിടം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജെയിംസ് ബോണ്ട് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക മികവോടെയുള്ള ഭൂഗര്‍ഭ രഹസ്യ അറക്കുള്ളിലാണ് വിക്കിലീക്‌സ് അതിന്റെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്.

Subscribe Us:

സ്വീഡനിലെ വൈറ്റ് മലനിരകള്‍ക്കിടയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധമാണ് വിക്കിലീക്‌സിന്റെ ‘സെന്‍ട്രല്‍ സെര്‍വര്‍ സിസ്റ്റം’ സൂക്ഷിച്ചിരിക്കുന്നത്. 30 മീറ്ററിലധികം പാറതുരന്നുണ്ടാക്കിയതാണ് ഈ രഹസ്യ അറ.

ശീതയുദ്ധകാലത്ത് തങ്ങളുടെ സൈനികരഹസ്യങ്ങളും മറ്റും സൂക്ഷിക്കാനായി നിര്‍മ്മിച്ച അതിശക്തമായ ബങ്കറിലാണ് എല്ലാ രേഖകളും ഭദ്രമാക്കി വെച്ചിരിക്കുന്നത്. ആണവ ആക്രമണമടക്കമുള്ള എല്ലാത്തിനേയും ചെറുക്കാന്‍ ശേഷിയുള്ളതാണ് ബങ്കര്‍.

സ്വീഡിഷ് കമ്പനിയായ ബാന്‍ഹോഫിനയൊണ് ഈ ഭൂലോകരഹസ്യ രേഖകള്‍ സൂക്ഷിക്കാന്‍ വിക്കിലീക്‌സ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാന്‍ഹോക്‌സ് സി ഇ ഒ ജോണ്‍ കാര്‍ലംഗ് ആണ് ഈ ഭൂഗര്‍ഭ അറയുടെ ചില വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

അതിശക്തമായ മെറ്റല്‍ വാതിലുകളാണ് ബങ്കറിന്റെ കവാടത്തിലുള്ളത്. അതീവസുരക്ഷയുള്ള അലാം സംവിധാനമാണ് കവാടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ കവാടത്തിന്റെ മുക്കിലും മൂലയിലും രഹസ്യക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. ഭംഗിയില്‍ അലങ്കരിച്ച പൂച്ചെട്ടികളും കോണ്‍ഫറന്‍സ് മുറികളും ജലധാരകളും രഹസ്യ അറയില്‍ കാണാം.

പഴയ ജര്‍മന്‍ ബോട്ടിന്റെ ശക്തിയേറിയ എഞ്ചിനുകളാണ് ‘ബാക്ക്-അപ്്’ ജനറേറ്ററുകളായി പ്രവര്‍ത്തിക്കുന്നത്. ഒഴുകുന്ന ഗ്ലാസ് കോണ്‍ഫറന്‍സ് റൂമാണ് മറ്റൊരു പ്രത്യേകത.


ഈ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളും രേഖകളും അതീവ രഹസ്യമാണെന്നും ഏതെങ്കിലും രീതിയില്‍ ഈ രഹസ്യ അറയില്‍ നിന്നും വിവരങ്ങള്‍ പുറത്തായാല്‍ അതിന് തക്കതായ തുക വിക്കിലീക്‌സിന് തിരിച്ചുനല്‍കുമെന്നും കാര്‍ലംഗ്് വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെ അതിനൂതനമായ സാങ്കേതികസംവിധാനമൊരുക്കിയാണ് വിക്കിലീക്‌സ് അതിന്റെ രേഖകള്‍ സംരക്ഷിക്കുന്നത്. ശക്തരായ എതിരാളികളുടെ സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ കൂടിയേ തീരു എന്ന് വിക്കിലീക്‌സിന് നന്നായറിയാം. ഈ ഭൂഗര്‍ഭ അറയില്‍ നിന്നും ഇനി എന്തെല്ലാം ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്തുവരികയെന്ന് അറിയാന്‍ ലോകം കാത്തിരിക്കുകയാണ്.