ന്യൂദല്‍ഹി: കൊല്ലപ്പെടുന്നതിന് മുമ്പ് മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ യു.എസ് അംബാസിഡറെ കണ്ട് തനിക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. എന്നാല്‍ യു.എസ് അംബാസിഡര്‍ ഈ ആവശ്യം നിരസിക്കുകയും ജനറല്‍ പര്‍വേസ് മുഷറഫിനെ അനുകൂലിക്കാന്‍ ബേനസീറിനോട് ആവശ്യപ്പെടുകയും ചെയ്തതായി വിക്കിലീക്ക്‌സ് രേഖകളില്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് മതിയായ സുരക്ഷ നല്‍കണമെന്നുംമാവശ്യപ്പെട്ട് ബേനസീര്‍ ഒരു കത്തെഴുതി യു.എസ് അംബാസിഡര്‍ ആന്‍ ഡബ്ല്യൂ പാറ്റേഴ്‌സണിനു നല്‍കി. ഭൂട്ടോ കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പായിരുന്നു ഇത്. എന്നാല്‍ തന്നെ വധിക്കാന്‍ പദ്ധതിയിടുന്നു എന്ന് ബേനസീര്‍ ആരോപിക്കുന്ന പാക്ക് ജനറല്‍ പര്‍വേസ് മുഷറവുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് യു.എസ് നിര്‍ദേശം നല്‍കിയത്.

2007 ഒക്ടോബര്‍ 18ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കറാച്ചിയില്‍ നടത്തിയ റാലിക്കുനേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബേനസീര്‍ സുരക്ഷ ആവശ്യപ്പെട്ടത്.

നാടുകടത്തപ്പെട്ട പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസീര്‍ ഭൂട്ടോ തിരിച്ചുവന്ന് യു.കെയുടേയും യു.എസിന്റെയും ഏജന്റായ പര്‍വ്വേസ് മുഷറഫുമായി സഖ്യമുണ്ടാക്കുമെന്നാണ് രണ്ട് പടിഞ്ഞാറന്‍ രാജ്യങ്ങളും പ്രതീക്ഷിച്ചിരുന്നത്. പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുഷറഫ്-ബേനസീര്‍ സര്‍ക്കാര്‍ രൂപീകൃതമാകാന്‍ സഹായകരമാകുമെന്നും അവര്‍ ഉറപ്പിച്ചു. എന്നാല്‍ മുഷറഫിന്റെ അനുയായികളായ ചിലര്‍ തന്നെ കൊല്ലാന്‍ പദ്ധിയിടുന്നു എന്ന ബേനസീറിന്റെ കുറ്റപ്പെടുത്തലുകള്‍ ഈ പ്രതീക്ഷയെ തകര്‍ക്കുന്നതായിരുന്നു.

ഒക്ടോബര്‍ 23ന് യു.എസ് അംബാസിഡറെ കണ്ട ബേനസീര്‍ കറാച്ചിയില്‍ നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട് മുഷറഫ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്നും അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ സ്വതന്ത്രമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഭൂട്ടോ പറഞ്ഞതായി യു.എസ് അംബാസിഡര്‍ പാറ്റേഴ്‌സണ്‍ അമേരിക്കയിലേക്കയച്ച രേഖകള്‍ പറയുന്നു.

അന്വേഷണത്തിന് ആവശ്യമായ സഹായം യു.എസ് നല്‍കുന്നുണ്ടെന്നും തീവ്രവാദ ഗ്രൂപ്പായ അല്‍ ഖയിദ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പാറ്റേഴ്‌സണ്‍ ബേനസീറിനെ അറിയിച്ചു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താലിബാനെയും അല്‍ ഖയിദയെയും ഒരു വിഭാഗം സര്‍ക്കാര്‍ പ്രതിനിധികള്‍ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് ബേനസീര്‍ ഈ വാദത്തെ പ്രതിരോധിക്കുകയാണുണ്ടായത്.

തനിക്ക് സുരക്ഷ നല്‍കുവാന്‍ യു.എസിന് കഴിയുമോ എന്ന് ബേനസീര്‍ ചോദിച്ചപ്പോള്‍ അംബാസിഡര്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്- ‘ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്കും, ഹെയ്ത്തി പ്രസിഡന്റ് അരിസ്റ്റൈഡിനും യു.എസാണ് സുരക്ഷ നല്‍കുന്നത്. എന്നാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഒരു സുസ്ഥിരമായ സുരക്ഷ നല്‍കാന്‍ അമേരിക്കയ്ക്ക് കഴിയില്ല’ .

ഒക്ടോബര്‍ 23ന് അയച്ച രേഖകള്‍ പ്രകാരം ഇപ്പോള്‍ തനിക്ക് നല്‍കുന്ന സുരക്ഷ പോരെന്നും തരാന്‍ കഴിയുന്ന ഏറ്റവും കൂടിയ സുരക്ഷിതത്വം തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് യു.എസ് സര്‍ക്കാരിന് ബേനസീര്‍ കത്തെഴുതി. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കരുതെന്ന് പാറ്റേഴ്‌സണ്‍ യു.എസിനോട് ശക്തമായി ആവശ്യപ്പെടുകയായിരുന്നു.