ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യത്തിന്റെ മനുഷ്യത്വരഹിത മുഖം ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച സൈനികന്‍ ബ്രാഡ്‌ലി മാനിംഗിന് ജയിലില്‍ കടുത്ത പീഡനം സഹിക്കേണ്ടി വരുന്നതായി ആരോപണം. മാനിംഗിനെ നഗ്നനാക്കി നിര്‍ത്തി ജയിലിലടച്ചെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചത്.

ഡേവിഡ് ഇ കോംബ്‌സ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിര്‍ജിനിയയിലെ മറൈന്‍ ബേസിലെ സെല്ലില്‍ മാനിംഗിന് കടുത്ത പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോംബ്‌സ് പറഞ്ഞു.

മനുഷ്യത്വരഹിതമായ നടപടിയാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് അനുവദിക്കാനാവില്ല. മാനിംഗിനു നേരേ മാത്രമാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു.

അതിനിടെ ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടെന്ന കാര്യം ജയില്‍ വക്താവ് ലഫ്റ്റ്.ബ്രയന്‍ വില്ലാര്‍ഡ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നേരത്തേ ബ്രാഡിംഗിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.