കാശ്മീര്‍: കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള യാതൊരു രൂപരേഖയും ഇന്ത്യ തയ്യാറാക്കിയിട്ടില്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള യു.എസ് നയതന്ത്രജ്ഞരോട് പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2005ല്‍ യു.എസ് നയതന്ത്രജ്ഞനായ ഡാന്‍ ബര്‍ട്ടനുമായി ഒമര്‍ അബ്ദുള്ള നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് വിക്കിലീക്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2005ല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പി.ഡി.പി ഭരിക്കുന്ന കാലത്ത് ഒമറിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നു.

വഷളായിക്കൊണ്ടിരിക്കുന്ന കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി പ്രധാനമന്ത്രി ചട്ടക്കൂടുകള്‍ക്ക് പുറത്തുനിന്നും ചിന്തിക്കണം. കാശ്മീര്‍ പ്രശ്‌നത്തിന്റെ നിലവിലെ സ്ഥിതിക്ക് കാരണം കേന്ദ്രസര്‍ക്കാരാണ്. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയെക്കാള്‍ മുന്നേറിയിരിക്കുന്നത് പാക്കിസ്ഥാനാണെന്നും ഒമറിനെ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്‌സ് പറയുന്നു.

സത്യവിരുദ്ധമായ ഒരുപാട് കാര്യങ്ങള്‍ വിക്കിലീക്‌സ് കേബിളുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഈ കേബിളുകള്‍ അയച്ച അംബാസിഡര്‍ ഇവിടെയുണ്ടെങ്കില്‍ എന്തടിസ്ഥാനത്തിലാണ് സത്യവിരുദ്ധമായ കാര്യങ്ങള്‍ നിങ്ങള്‍ യു.എസിലേക്കയച്ചതെന്ന് താന്‍ ചോദിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ ഒരു രൂപരേഖയും തയ്യാറാക്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ കാലത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ ആരംഭിച്ചു. മധ്യസ്ഥരുടെ സഹായത്തോടെയുള്ള ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന ചര്‍ച്ചകളുടെ ഫലം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകൊണ്ട് ഒമര്‍ പറഞ്ഞു.