ന്യൂദല്‍ഹി: വിശ്വാസവോട്ടിനായി യു.പി.എ സര്‍ക്കാര്‍ പണം നല്‍കിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ ബഹളം. സംഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വിശദീകരണം നല്‍കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നോട്ടീസ് നല്‍കി.

പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷവും രംഗത്തെത്തി. വിശ്വാസവോട്ടില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ രാഷ്ട്രീയ ലോക്ദള്‍ എം.പിമാര്‍ക്ക് കോഴ നല്‍കിയെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.

വെളിപ്പെടുത്തലിങ്ങനെ

2008ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയ യു.പി.എ സര്‍ക്കാര്‍ എം.പിമാരുടെ പിന്തുണ നേടാനായി കോഴ നല്‍കിയെന്നാണ് ആരോപണം. വിശ്വാസവോട്ടിനായി അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോകദളിലെ നാല് എം.പിമാരെ പണം കൊടുത്തു സ്വാധീനിച്ചു. ഇതിനായി 10കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇക്കാര്യങ്ങള്‍ ഉദ്ധരിച്ച് 2008 ജൂലൈ 17ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് അയച്ച കത്താണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നേതാവ് സതീശ് ശര്‍മയുടെ വിശ്വസ്തന്‍ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥനു നോട്ടുകെട്ടുകള്‍ കാട്ടിക്കൊടുത്തുവെന്നും എം.പിമാരുടെ പിന്തുണ നേടാനായി 60കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നു പറഞ്ഞെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.