Administrator
Administrator
മന്‍മോഹന്‍ സ്വന്തം സുഹൃത്ത്, കാരാട്ട് കാര്‍ക്കശ്യക്കാരന്‍’
Administrator
Friday 17th December 2010 10:37pm

രാഷ്ട്രങ്ങളുടെ രഹസ്യകലവറകളുടെ പൂട്ട്‌പൊളിച്ച് വിക്കിലീക്‌സ് വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. സ്വന്തം രാഷ്ട്രങ്ങളുടെ നയതന്ത്രത്തെക്കുറിച്ചുള്ള എന്തെല്ലാം പുതിയ രഹസ്യങ്ങളാണ് ജൂലിയന്‍ അസാന്‍ജെയുടെ ഈ സൈറ്റ് പുറത്താക്കുക എന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് രാഷ്ട്രത്തലവന്‍മാര്‍.

ഇന്ത്യയുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. മുംബൈ ആക്രമണത്തിനുശേഷം കോണ്‍ഗ്രസ് മതപ്രീണനം നടത്താനായി ശ്രമിച്ചു എന്ന വെളിപ്പെടുത്തലോടെ വിക്കിലീക്‌സ് ആദ്യം ഇന്ത്യയെ ഞെട്ടിച്ചു. യു എന്‍ സുരക്ഷാകൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന ഇന്ത്യയെ ‘സ്വയം പ്രഖ്യാപിത മല്‍സരാര്‍ത്ഥി’ എന്ന് വിശേഷിപ്പിച്ച ഹിലരി ക്ലിന്റന്റെ പ്രസ്താവനയും ആശ്ചര്യത്തോടെയാണ് രാഷ്ട്രം ശ്രവിച്ചത്.

കാവി ഭികരതയെക്കുറിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയാണ് വെളിപ്പെടുത്തലിന്റെ കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്നത്. ഇതിന്റെയൊക്കെ പ്രതിഫലനം വരുംദിനങ്ങളില്‍ പുറത്തുവരും. എന്തായാലും ഇന്ത്യയെക്കുറിച്ചും രാഷ്ട്രീയനേതൃത്വത്തെക്കുറിച്ചും നയതന്ത്ര പദ്ധതികളെക്കുറിച്ചുമുള്ള അമേരിക്കയുടെ പച്ചയായ മുഖമാണ് വിക്കിലീക്‌സ് വെളിച്ചത്തുകൊണ്ടുവന്നത്.

ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചും അവരെക്കുറിച്ച് അമേരിക്ക പുലര്‍ത്തുന്ന കാഴ്ച്ചപ്പാടിനെക്കുറിച്ചും വ്യക്തമായ രേഖകളാണ് വിക്കിലീക്‌സിലൂടെ പുറത്തായത്. ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളെക്കുറിച്ച് അമേരിക്കയുടെ കാഴ്ച്ചപ്പാടുകള്‍ നിരീക്ഷിക്കുന്നത് നന്നായിരിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രിയും ഉദാരവല്‍ക്കരണ നയങ്ങളുടെ അംബാസിഡറുമായ മന്‍മോഹന്‍ സിംഗിനെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യാ-അമേരിക്ക ബന്ധം പുരോഗതിയിലെത്തിക്കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളാണ് മന്‍മോഹന്‍ സിംഗെന്ന് അമേരിക്ക വിശ്വസിക്കുന്നു.

സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെക്കുറിച്ച് അത്ര നല്ല നിലപാടല്ല അമേരിക്കയ്ക്കുള്ളത്. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കുകയും അവ പിടിച്ചുവാങ്ങുകയും ചെയ്യുന്ന കാര്‍ക്കശ്യക്കാരനായ നേതാവാണ് അമേരിക്കയ്ക്ക് കാരാട്ട്.

യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശക്തിയിലും അമേരിക്കയ്ക്ക് സംശയമുണ്ട്. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളേയും പ്രതിഷേധങ്ങളെയും പ്രതിരോധിക്കാന്‍ സോണിയാ ഗാന്ധിക്ക് കഴിഞ്ഞില്ല എന്ന് അമേരിക്കന്‍ നേതൃത്വം വിശ്വസിക്കുന്നു.

കേന്ദ്രമന്ത്രിസഭയിലെ മറ്റൊരു സീനിയര്‍ നേതാവായ അര്‍ജുന്‍ സിംഗിനെ അസരത്തിനൊത്ത് ഉയരാത്തവനെന്നും കഴിവില്ലാത്തയാളെന്നും അമേരിക്ക കരുതുന്നതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. 2007-09 കാലയളവില്‍ ദല്‍ഹിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും പെന്റഗണിന് കൈമാറിയ കേബിളുകളാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധം മികച്ച രീതിയിലാണ് മുന്നേറുന്നതെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നീറിപ്പുകയുന്നുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ വിഷയം, മ്യാന്‍മര്‍, അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ നിലപാടുകള്‍ എന്നിവ അവയില്‍ ചിലതാണ്.

ഏഷ്യന്‍ മേഖലയിലുള്ള അമേരിക്കയുടെ നയപരമായ നിലപാടിനെ ഇന്ത്യ തിരിച്ചറിഞ്ഞതായി അന്തരിച്ച റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് അമേരിക്കയ്ക്കയച്ച രേഖകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ഇന്ത്യയിലെ സ്ഥിതിഗതികള്‍ അനുകൂലമാണെന്ന് സെനറ്റ് ചെയര്‍മാന്‍ ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിച്ചതിനുശേഷം അമേരിക്കന്‍ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും വിക്കിലീക്‌സ് വെളിപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആലസ്യത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും അമേരിക്കന്‍ നേതൃത്വത്തിന് ആശങ്കയുള്ളതായും ചില രേഖകള്‍ സൂചിപ്പിക്കുന്നു. ശീതയുദ്ധകാലത്ത് സ്വീകരിച്ച നിലപാടുകളില്‍ അടിയുറച്ചുള്ള ഒരുതരം ‘ഉദ്യോഗസ്ഥാധിപത്യ’മാണ് ഇന്ത്യയിലുള്ളതെന്നും അമേരിക്ക വിശ്വസിക്കുന്നതായി വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ സൂചന നല്‍കുന്നു.

Advertisement