ഇസ്‌ലാമാബാദ്: കാശ്മീരിലെ തുടര്‍ച്ചയായ പ്രകോപനത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി പാകിസ്ഥാന്‍. തെളിവുകളില്ലാതെ പാകിസ്ഥാനുമേല്‍ ആരോപണം ഉന്നയിക്കരുതെന്ന് പാക് പ്രതിരോധ മന്ത്രി ഖുറം ദസ്ടിഗര്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കും. ഭീകരാക്രമണത്തിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ പാകിസ്ഥാന്‍ കൈയും കെട്ടി ഇരിക്കില്ല. അതേ അളവില്‍ തന്നെ തിരിച്ചടിയുണ്ടാകും.’

അടിസ്ഥാനപരമായ തെളിവുകളില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യ നിറുത്തണമെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സുഞ്ജ്വാന്‍ സൈനിക ക്യാംപിന് നേരെയുള്ള ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചിരുന്നു. ആക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇത് പാകിസ്ഥാന് കൈമാറുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.