ഗാന്ധിനഗര്‍: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭാര്യയുമായി കൂടിക്കാഴ്ച നടത്തുന്നത് അദ്ദേഹത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. കുല്‍ഭൂഷണിന്റെ മോചനത്തിന് വേണ്ടി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണെന്നും ഇതിന് നിരവധി നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെയായിരുന്നു ഭാര്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന് അനുമതി ലഭിച്ചത്. മാനുഷിക പരിഗണന കണക്കിലെടുത്തായിരുന്നു പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതാദ്യമായാണ് കുല്‍ഭൂഷണിന്റെ ബന്ധുക്കളില്‍ ഒരാള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്.


Also Read:  യാത്രികന്‍ ലോക്കോപൈലറ്റിനെ ക്യാബിനില്‍ കയറി ആക്രമിച്ചു; രക്ഷിക്കാനെത്തിയെ അസിസ്റ്റന്റ് ലോക്കോപൈലറ്റിനും മര്‍ദ്ദനം


നേരത്തെ അദ്ദേഹത്തിന്റെ മാതാവ് മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുല്‍ഭൂഷണ്‍ പാകിസ്ഥാനിലെ ഉന്നത സൈനിക കോടതിയെ നേരത്തേ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിര്‍ദ്ദേശിക്കുകയുണ്ടായി.