എഡിറ്റര്‍
എഡിറ്റര്‍
വൈഡ് റിലീസിനെച്ചൊല്ലി സിനിമ സംഘടനകള്‍ക്കിടയില്‍ തര്‍ക്കം
എഡിറ്റര്‍
Thursday 17th May 2012 9:33am

കൊച്ചി: വൈഡ് റിലീസിനെച്ചൊല്ലി മലയാള സിനിമയില്‍ വീണ്ടും പ്രതിസന്ധി. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ബി ക്ലാസ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും തമ്മിലുള്ള സംഘട്ടനമാണ് സിനിമമേഖലയിലെ പുതിയ പ്രതിസന്ധി.

പുതുതായി 55 തീയറ്ററുകള്‍ക്ക് റിലീസ് യോഗ്യതയുണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ മറികടന്ന് അഞ്ചുതീയറ്ററുകള്‍ക്ക് മാത്രം റിലീസ് അനുവദിക്കാനുള്ള കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനമാണ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്. ഏറെ പണം മുടക്കി നവീകരിച്ച തിയ്യേറ്ററുകള്‍ക്ക് റിലീസിംഗ് കിട്ടാതാവുന്നതോടെ കോടികളുടെ നഷ്ടമാണ് തിയ്യേറ്റര്‍ ഉമടകള്‍ക്കുണ്ടാവുകയെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

തീയറ്ററുകളുടെ നിലവാരം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍നിയോഗിച്ച സമിതിയാണ് 55 തീയറ്ററുകള്‍ക്ക് റിലീസ് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് അംഗീകരിക്കാതെ പുതുതായി എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിച്ച തീയറ്ററുകള്‍ അഞ്ചെണ്ണം മാത്രമാണെന്നും ഇവയ്ക്ക് റിലീസ് നല്‍കുമെന്നും ഫെഡറേഷന്‍ തീരുമാനമെടുക്കുകയായിരുന്നു.  ഇതനുസരിച്ച് വടക്കാഞ്ചേരിയിലെ രണ്ടുതീയറ്ററുകള്‍ക്കും ഓയൂര്‍, തിരുവല്ല, വെട്ടുറോഡ് എന്നിവിടങ്ങളിലെ ഓരോ തീയറ്ററിനുവീതവുമാണ് റിലീസ് ലഭിക്കുന്നത്. ഇതില്‍ വടക്കാഞ്ചേരിയിലെ തീയറ്റുകള്‍ക്ക് മാത്രമാണ് സ്ഥിരം റിലീസ്. ബാക്കിയുള്ളവയ്ക്ക് ഉത്സവകാലറിലീസ് ചിത്രങ്ങളാണ് ലഭിക്കുക.

ഇനി മൂന്നുവര്‍ഷത്തേക്ക് പുതുതായി ഒരു തീയറ്ററിനും റിലീസ് അനുവദിക്കേണ്ടന്നും ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ഇതിനുള്ള കരാറില്‍ ഫെഡറേഷന്‍ വ്യാഴാഴ്ച ഒപ്പുവയ്ക്കും.

എന്നാല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം ഏകാധിപത്യപരമാണെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്. 40 ലക്ഷം മുതല്‍ രണ്ടുകോടി വരെ മുടക്കിയാണ് ഉടമകള്‍ തിയ്യേറ്റര്‍ നവീകരിച്ചത്. റിലീസ് കിട്ടാതാകുന്നതോടെ ഇവരെല്ലാം കനത്ത പ്രതിസന്ധിയിലാകുമെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. വി. മോഹനനും ജനറല്‍ സെക്രട്ടറി ഷാജിവിശ്വനാഥും പറയുന്നു. 55 തീയറ്ററുകള്‍ക്കും റിലീസ് നല്‍കാമെന്ന് സര്‍ക്കാര്‍മുമ്പാകെ ഫെഡറേഷന്‍ സമ്മതിച്ചതാണെന്നും ഇവര്‍ വ്യക്തമാക്കി.

വൈഡ് റിലീസ് നടപ്പാക്കാനുള്ള ചുമതല സര്‍ക്കാര്‍ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെയാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ഫെഡറേഷനുമായി ചേര്‍ന്ന് തീരുമാനം അട്ടിമറിക്കുകയാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

Advertisement