എഡിറ്റര്‍
എഡിറ്റര്‍
ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ കൂട്ട വധശിക്ഷ വിധിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
എഡിറ്റര്‍
Wednesday 26th March 2014 12:29am

brotherhood

കെയ്‌റോ: ഈജിപ്തില്‍ നിന്നും സൈന്യം സ്ഥാനഭ്രഷ്ടനാക്കിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 528 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം.

കൂട്ട വധശിക്ഷയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കം വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളുമാണ് രംഗത്ത് വന്നത്. ഈജിപ്തിലുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.

ഈജിപ്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വധശിക്ഷ വിധിയെ അമേരിക്ക ശക്തമായി അപലപിച്ചു. ശിക്ഷ വിധിയ്ക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാമെങ്കിലും അന്താരാഷ്ട്ര നിയമങ്ങളില്‍ അത് നടക്കുമെന്നത് സംശയമാണെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് വകുപ്പ് വക്താവ് അറിയിച്ചത്.
അതേ സമയം ഈജിപ്തിലെ ജുഡീഷ്യറിയുടെ വൈകല്യമാണ് കൂട്ട വധശിക്ഷ പ്രഖ്യാപിച്ചതിലൂടെ വെളിപ്പെടുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആരോപിച്ചു. 600ഓളം പേര്‍ക്ക് ഒറ്റയടിയ്ക്ക് വധശിക്ഷ വിധിച്ച നടപടി ഈജിപ്തില്‍ മാത്രമല്ല, ഒരു കാലത്തും  ഉണ്ടായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് നീതിപൂര്‍വമായ പുനര്‍വിചാരണയ്ക്ക് അവസരമൊരുക്കണമെന്നും വധശിക്ഷ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കാതറിന്‍ ആഷ്ടന്‍ പറഞ്ഞു.

ഈജിപ്ത് വിപ്ലവത്തെ അടിച്ചമര്‍ത്താനുള്ള രാജ്യത്തെ അഴിമതിക്കാരായ ജഡ്ജിമാരുടെ നീക്കം വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നാണ് മുസ്ലിം ബ്രദര്‍ഹുഡ് പറഞ്ഞത്. ഈജിപ്തില്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നത് എന്നതിനുള്ള തെളിവാണിതെന്ന് മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് അബ്ദുല്ല അല്‍ഹദ്ദാദ് ലണ്ടനില്‍ പറഞ്ഞു.

ജൂലൈയില്‍ മുര്‍സിയെ പുറത്താക്കിയ ശേഷം ഇസ്ലാമിസ്റ്റുകളെ സര്‍ക്കാരും സൈന്യവും ചേര്‍ന്ന് അടിച്ചമര്‍ത്തുകയാണ്. ആംനസ്റ്റിയുടെ കണക്കനുസരിച്ച് ഈജിപ്തില്‍ 1400ലധികം മുര്‍സി അനുകൂലികളെ കൊലപ്പെടുത്തുകയും ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ മാസം എട്ടിന് സൗദി അറേബ്യ ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വ്യാപകമായ അറസ്റ്റ് ഉണ്ടായത്.

Advertisement