എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെ ലൈംഗികോപകരണമായി കാണുന്നതെന്ത് കൊണ്ട്?
എഡിറ്റര്‍
Tuesday 14th August 2012 9:06am

സ്ത്രീയെയും പുരുഷനെയും സമൂഹം വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്. പുരുഷനെ മനുഷ്യജീവിയായി കാണുമ്പോള്‍ പലരും സ്ത്രീകളെ കാണുന്നത് ലൈംഗിക തൃഷ്ണ തീര്‍ക്കാനുള്ള ഉപകരണമായാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തെയും അപ്പിയറന്‍സിനെയും പലരും ഇതിന് കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാലിപ്പോള്‍ ഈ വിവേചനത്തിന് ശാസ്ത്രീയമായ ഒരു കാരണവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

Ads By Google

തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ വ്യത്യാസമാണ് പോലും സ്ത്രീ ശരീരമായി മാത്രം നോക്കിക്കാണപ്പെടാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. നെബ്രസ്‌ക ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സ്ത്രീകളുടെ പുരുഷന്മാരുടെയും പ്രതിബിംബങ്ങള്‍ നമ്മുടെ തലച്ചോറ് കാണുന്നത് വ്യത്യസ്ത രീതിയിലാണെന്നാണ് ഇവര്‍ പറയുന്നത്. പുരുഷന്മാരെ മനുഷ്യരായി കാണുമ്പോള്‍ സ്ത്രീകളെ തലച്ചോറ് കാണുന്നത് ശരീരഭാഗങ്ങളായാണത്രേ.

ഈ കണ്ടെത്തലുകള്‍ക്ക് വിശദീകരണവും ഇവര്‍ നല്‍കുന്നുണ്ട്. നമ്മള്‍ ഒരു വസ്തുവിനെ നോക്കുമ്പോള്‍ കണ്ണുകള്‍ ഒന്നുകില്‍ അതിനെ മുഴുവനായോ അല്ലെങ്കില്‍ പലഭാഗങ്ങളായോ ആണ് ആഗിരണം ചെയ്‌തെടുക്കുന്നത്. ഈ പ്രവര്‍ത്തനമാണ് സ്ത്രീകളെയും പുരുഷന്മാരെയും നോക്കിക്കാണുമ്പോഴും നടക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ ലൈംഗികതൃഷ്ണ തീര്‍ക്കാനുള്ള ഉപകരണമാകുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ പഠനത്തിന് കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

വിവിധ തരത്തിലുള്ള സ്ത്രീ- പുരുഷ ഇമേജുകളില്‍ പഠനം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. പുരുഷന്മാരുടെ ഇമേജുകള്‍ കാണിക്കുമ്പോള്‍ അതിനെ കൂടിച്ചേര്‍ന്ന നിലയില്‍ അഥവാ ഒരുമിച്ചാണ് കാണപ്പെടുന്നത്. ‘ഗ്ലോബല്‍ കോഗ്നിറ്റീവ് പ്രോസസിങ് ‘ എന്നാണിതിനെ ഗവേഷകര്‍ വിളിക്കുന്നത്. അതേസമയം സ്ത്രീകളുടെ പ്രതിബിംബങ്ങള്‍ പലഭാഗങ്ങളായി, അതായത് വിവിധ ശരീരഭാഗങ്ങളായാണ് കാണപ്പെടുന്നത്. ഇതിനെ ‘ലോക്കല്‍ കോഗ്നിറ്റീവ് പ്രോസസിങ്’ എന്ന് വിളിക്കുന്നു.

വീട്, കാര്‍ പോലുള്ള വസ്തുക്കളെ നാം എങ്ങനെയാണ് കാണുന്നത് എന്നതാണ് ലോക്കല്‍ പ്രോസസിങ് അടിവരയിടുന്നത്. വീട്, കാര്‍, പോലുള്ള വസ്തുക്കളെ നാം കാണുന്ന അതേ രീതിയിലാണ് സ്ത്രീകളെയും കാണുന്നതെന്ന് ചുരുക്കും.

കോഗ്നിറ്റീവ് പ്രോസസിങ്ങിനെയും ‘ഒബ്ജക്ടിഫിക്കേഷന്‍ തിയറി’യെയും ബന്ധിപ്പിക്കുന്ന പഠനം ഇത്തരത്തില്‍ ആദ്യമായാണ് നടക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ്‌ പ്രഫസര്‍ സാറ ഗേര്‍വൈസ് അവകാശപ്പെടുന്നത്.

ശരീരത്തിന്റെ എല്ലാഭാഗങ്ങളും മറച്ച ശരാശരി സൗന്ദര്യമുള്ള സ്ത്രീ പുരുഷന്മാരുടെ ചിത്രങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ക്യാമറയില്‍ ഫോക്കസ് ചെയ്ത കണ്ണുകളിലൂടെ ഈ ചിത്രങ്ങളുടെ അടിമുതല്‍ മുടിവരെ നോക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അല്പസമയത്തിനുശേഷം പഠനത്തില്‍ പങ്കാളിയായവര്‍ക്ക് രണ്ട് പുതിയ ഇമേജുകള്‍ അവരുടെ സ്‌ക്രീനില്‍ കാണാനായി. ഇതില്‍ ഒന്ന് ഒറിജിനല്‍ ഇമേജിന് തുല്യമായിരുന്നു. മറ്റേതാവട്ടെ ലൈംഗികാവയവങ്ങള്‍ ഉള്‍പ്പെട്ട ഒറിജിനല്‍ ഇമേജിന്റെ പരിഷ്‌കൃത രൂപവും.

പിന്നീട് നേരത്തെ കണ്ട രണ്ട് ഇമേജുകളില്‍ ഏതൊക്കെയാണിതെന്ന് തിരിച്ചറിയാനുള്ള ശ്രമം നടന്നു. ശരീരത്തിലെ ലൈംഗികായവങ്ങള്‍ ഒരോന്നായി കാണുമ്പോള്‍ സ്ത്രീകളെ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നാല്‍ പുരുഷന്മാരില്‍ ഇത് നേരെ തിരിച്ചായിരുന്നു. അവരുടെ ശരീരഭാഗം മുഴുവനായി കാണിക്കുമ്പോഴാണ് തിരിച്ചറിയാനെളുപ്പം.

പുരുഷന്മാര്‍ മാത്രമല്ല ഇത്തരത്തില്‍ സ്ത്രീകളെ നോക്കി കാണുന്നത്, മറിച്ച് സ്ത്രീകളും സ്ത്രീകളെ ഇതുപോലെ തന്നെയാണ് നോക്കി കാണുന്നതെന്നാണ് ഗവേഷക പറയുന്നത്. അതിന് പല കാരണങ്ങളുമുണ്ടാവാം. ഒരു പക്ഷേ പുരുഷന്മാരുടെ ശ്രദ്ധ സാമര്‍ത്ഥ്യത്തിലും സ്ത്രീകളുടേത് പരസ്പരം താരതമ്യം ചെയ്യുന്നതിലുമായതിനാലാവാം ഇതെന്നും അവര്‍ പറയുന്നു.

ആളുകള്‍ സ്ത്രീകളെയും പുരുഷന്മാരെയും അടിസ്ഥാനപരമായി വ്യത്യസ്തമായാണ് കാണുന്നതെന്നാണ് തങ്ങളുടെ കണ്ടെത്തലുകളില്‍ നിന്നെത്തിച്ചേരാനാകുന്ന നിഗമനമെന്ന് ഗെര്‍വൈസ് പറഞ്ഞു. എങ്കിലും ചെറിയൊരു വിഭാഗം ആളുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളെ കാണുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിയില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisement