എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്: സര്‍ക്കാര്‍ തന്നെ കേസെടുക്കണമെന്ന് പെണ്‍കുട്ടിക്ക് വാശിയെന്ത്; തിരുവഞ്ചൂര്‍
എഡിറ്റര്‍
Tuesday 26th February 2013 12:30am

കോഴിക്കോട്: സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ തന്നെ കേസെടുക്കണമെന്ന് പെണ്‍കുട്ടി വാശിപിടിക്കുന്നതെന്തിനെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാറിന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകാനാകൂവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Ads By Google

പെണ്‍കുട്ടിക്ക് മുന്നില്‍ നിയമപരമായ ധാരാളം വഴികളുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ സര്‍ക്കാര്‍ തന്നെ കേസെടുക്കണമെന്ന് വാശിപിടിക്കുന്നതെന്തിനാണ്. സൂര്യനെല്ലികേസില്‍ ധര്‍മരാജന്റെ വെളിപ്പെടുത്തലും അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വെളിപ്പെടുത്തലും താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കുര്യനെതിരെ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയവരെല്ലാം മുമ്പ് കോടതി നടപടിക്ക് വിധേയരായവരാണ്. എം.എം മണിയാകട്ടെ സ്വയം വെളിപ്പെടുത്തിയതാണ്. അതില്‍ മുമ്പ് കേസും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സൂര്യനെല്ലി കേസില്‍ കുര്യനെതിരെ കേസെടുക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം കുര്യനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

1996 ഫെബ്രുവരി 19 ന് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി.ജെ കുര്യനുമുണ്ടെന്നാണ് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയത്.

വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.

Advertisement