Administrator
Administrator
എന്തുകൊണ്ട് ഞാന്‍ താക്കറെയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്നില്ല: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു
Administrator
Tuesday 20th November 2012 8:16am

മഹാരാഷ്ട്ര മറാത്തികള്‍ക്ക് മാത്രമെന്നാണ് മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്നവര്‍ പറയുന്നത്. അതായത്, ഗുജറാത്തികളും, ദക്ഷിണേന്ത്യക്കാരും മറ്റ് ഉത്തരേന്ത്യക്കാരുമൊക്കെ പുറത്തുള്ളവരാണെന്ന്. ഇത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1(1), 19(1)(e) എന്നിവയുടെ ലംഘനമാണ്. ഇന്ത്യ എന്നത് ഏക രാഷ്ട്രമാണ്. ഇവിടെ മഹാരാഷ്ട്രക്ക് പുറത്തുള്ളവരെ അന്യരായി കാണാന്‍ കഴിയില്ല


എസ്സേയ്‌സ് / ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു

മൊഴിമാറ്റം /  നസീബ ഹംസ


‘മുപ്പത് കോടി മുഗമുടയാല്‍
എനില്‍ മൈപുറം ഒന്‍ട്രുടയാല്‍
ഇവള്‍ സെപ്പുമൊയി പതിനെട്ടുടയാല്‍
എനില്‍ സിന്തനൈ ഒന്‍ട്രുടയാല്‍’

(മുപ്പത് കോടി മുഖങ്ങളാണ് ഭാരതമാതാവിന്
എന്നാലവള്‍ക്കൊരു ശരീരമേയുള്ളൂ..
ഇവള്‍ പതിനെട്ട് ഭാഷകള്‍ സംസാരിക്കുന്നു
എന്നാലവളുടെ ചിന്ത ഒന്നുമാത്രമാണ്..)

സുബ്രഹ്മണ്യ ഭാരതി

‘ഭേദാദ് ഗണ വിനൗയന്തി ഭിന്നഃ സുപജാപഃ പരൈഃ
തസ്മത് സംഘാതയോഗേശു പ്രയാതരന്‍ ഗണഃ സദ’

ആഭ്യന്തര വൈരുദ്ധ്യത്താല്‍ പ്രജകള്‍ തമ്മിലടിച്ച് ചിന്നഭിന്നമായി രാജ്യം നശിച്ചിരിക്കുന്നു.
പ്രജകള്‍ വൈരുധ്യങ്ങള്‍ മറന്ന് സംഘബലത്താല്‍ യോജിക്കുമ്പോള്‍ രാഷ്ട്രം അതിജീവിക്കുന്നു.

മഹാഭാരതം, ശാന്തിപര്‍വം, അധ്യായം 108 ശ്ലോകം 14.

‘തേശം അന്ന്യോനഭിന്നാനം സ്വാഅക്തിം അനുതിഷ്ധതം
നിഗ്രഹഃ പണ്ഡിതൈഃ കാര്യഃ ക്ഷിപ്രം ഏവ പ്രാധാനതഃ’

ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവനെ, വിവേകമുള്ള ഭരണാധികാരികള്‍ എത്രയും പെട്ടെന്ന് നിഗ്രഹിക്കുന്നതിനായിരിക്കും മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നത്

– മഹാഭാരതം, ശാന്തി പര്‍വം, 108:26

കഴിഞ്ഞ ദിവസം മരിച്ച ബാല്‍ താക്കറേക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ നേതാക്കളും സിനിമാ- ക്രിക്കറ്റ് താരങ്ങളുമൊക്കെ തിടുക്കപ്പെടുന്നത് കണ്ടിരുന്നു. ഇവരോടെക്കെയുള്ള അങ്ങേയറ്റം ആദരവും ബഹുമാനവും മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഞാന്‍ എന്റെ വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുകയാണ്.

Ads By Google

മരിച്ചവരെ കുറിച്ച് നല്ലത് മാത്രമേ പറയാന്‍ പാടുള്ളൂ എന്ന തത്വം എനിക്കറിയാത്തതു കൊണ്ടല്ല. എന്റെ രാജ്യത്തിന്റെ താത്പര്യം മറ്റെന്തിനേക്കാളും വലുതാണെന്ന് കരുതുന്നത് കൊണ്ടു തന്നെ ഇവിടെ എനിക്ക് ആ തത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയില്ല.

എന്താണ് ബാല്‍ താക്കറെയുടെ പാരമ്പര്യം?

ദേശവിരുദ്ധ നിലപാടായ ‘മണ്ണിന്റെ മക്കള്‍’ (Sons of soil theory/Bhumiputra) വാദമാണത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1(1) ല്‍ പറയുന്നത് നിരവധി സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്നുള്ള രാജ്യമാണ് ഇന്ത്യ അഥവാ ഭാരതം എന്നാണ്. അല്ലാതെ കുറേ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നതല്ല ഇന്ത്യ.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോകാനും താമസിക്കാനുമുള്ള അവകാശമുണ്ടെന്ന് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 19(1)(e) വ്യക്തമാക്കുന്നു.

അതുകൊണ്ട് തന്നെ ഗുജറാത്തിയോ ദക്ഷിണേന്ത്യക്കാരനോ ബീഹാറിയോ ഉത്തര്‍പ്രദേശുകാരനോ എന്നുവേണ്ട ഇന്ത്യയിലെ ഏതൊരു പൗരനും മഹാരാഷ്ട്രയില്‍ വരാനും അവിടെ താമസിക്കാനുമുള്ള മൗലികാവകാശമുണ്ട്. മഹാരാഷ്ട്രക്കാര്‍ക്ക് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ താമസിക്കാനുള്ള അവകാശം പോലെത്തന്നെയാണിത്. (ചരിത്രപരമായ കാരണങ്ങളാല്‍ ജമ്മു-കാശ്മീര്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ചില വിലക്കുകള്‍ ഉണ്ട് എന്നതൊഴിച്ചാല്‍).

മഹാരാഷ്ട്ര മറാത്തികള്‍ക്ക് മാത്രമെന്നാണ് മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്നവര്‍ പറയുന്നത്. അതായത്, ഗുജറാത്തികളും, ദക്ഷിണേന്ത്യക്കാരും മറ്റ് ഉത്തരേന്ത്യക്കാരുമൊക്കെ പുറത്തുള്ളവരാണെന്ന്. ഇത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1(1), 19(1)(e) എന്നിവയുടെ ലംഘനമാണ്. ഇന്ത്യ എന്നത് ഏക രാഷ്ട്രമാണ്. ഇവിടെ മഹാരാഷ്ട്രക്ക് പുറത്തുള്ളവരെ അന്യരായി കാണാന്‍ കഴിയില്ല.

1960 കളിലും 70 കളിലും മഹാരാഷ്ട്രയിലെ ദക്ഷിണേന്ത്യക്കാരെ ആക്രമിക്കുകയും അവരുടെ വീടുകളും സ്ഥാപനങ്ങളും തുടച്ചു നീക്കുകയുമാണ് ശിവസേന രൂപീകരിച്ചതിന് ശേഷം  ബാല്‍ താക്കറെ ചെയ്യുന്നത്. 2008 ല്‍ മഹാരാഷ്ട്രയില്‍ പാലും പത്രവും വിറ്റ് ജീവിച്ചുപോന്ന ബീഹാറികളേയും ഉത്തര്‍പ്രദേശുകാരെയും നുഴഞ്ഞുകയറ്റാക്കാരാണെന്ന് പറഞ്ഞ് ആക്രമിക്കുകയും അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുസ്‌ലീംകളുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല.

രാഷ്ട്രം തകരുന്നുവെന്നോ വിഘടിക്കപ്പെടുന്നുവെന്നോ ഒന്നും പരിഗണിക്കാതെ ഹിറ്റ്‌ലര്‍ ചെയ്തതുപോലെ താക്കറെ ഒരു പ്രദേശത്തെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് വോട്ട്ബാങ്കാക്കുക എന്ന തന്ത്രമായിരുന്നു പ്രയോഗിച്ചിരുന്നത്. (ഹിറ്റലറുടെ ആരാധകന്‍ കൂടിയായിരുന്നു താക്കറെ)

മണ്ണിന്റെ മക്കള്‍ വാദം ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നതു മാത്രമല്ല അതിനേക്കാളുമപ്പുറത്ത് അത് താക്കറെയുടെ സ്വന്തം ജനതയെ തന്നെ കൂടുതല്‍ പ്രശ്‌നസങ്കീര്‍ണ്ണമാക്കുന്നു എന്നതാണ്.

ഇന്ത്യ എന്നത് വടക്കെ അമേരിക്കയെ പോലെ കുടിയേറ്റക്കാരുടെ വിശാലമായ ഒരു നാടാണ്.  ഇവിടെ 92-93 ശതമാനം ജനങ്ങളും യഥാര്‍ത്ഥത്തില്‍ തദ്ദേശീയരല്ല. സുഖകരമായ ജീവിതം അന്വേഷിച്ച് വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്‍ഗാമികളാണ് ഇവര്‍.

ഇന്ത്യയിലെ മണ്ണിന്റെ മക്കള്‍ എന്ന് യഥാര്‍ത്ഥത്തില്‍ പറയാവുന്നത് ആദിവാസികളെയാണ്. അതായത് ഭില്ലുകളും ഗോണ്ടുകളും സാന്താള്‍മാരും ഥോഡകളും മറ്റുമാണ്. അവരാകട്ടെ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ ഏഴോ എട്ടോ ശതമാനം മാത്രമേയുള്ളൂ.

മണ്ണിന്റെ മക്കള്‍ വാദം യഥാര്‍ത്ഥത്തില്‍ ഗൗരവപൂര്‍വ്വം നടപ്പാക്കപ്പെടുകയാണെങ്കില്‍ ഒരു പക്ഷെ താക്കറെ കുടുംബം ഉള്‍പ്പെടെ 92-93 മഹാരാഷ്ട്രക്കാരും അന്യദേശക്കാരാണ്.

മണ്ണിന്റെ മക്കള്‍വാദമുയര്‍ത്തുന്നവര്‍ ഉള്‍പ്പടെ നിരവധി വിഘടനവാദ ശക്തികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസ്‌നേഹികളായ ജനങ്ങള്‍ ഇവരെ എതിര്‍ത്തേ മതിയാകൂ.

എന്ത് കൊണ്ടാണ് നമ്മള്‍ ഒന്നിച്ച് നില്‍ക്കണം എന്ന് പറയുന്നത്? സംഘടിതമായ ആധുനിക വ്യവസായത്തിന് മാത്രമേ വന്‍തോതില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയൂ. ജനങ്ങളുടെ ക്ഷേമത്തിന് നമുക്ക് സമ്പത്ത് വേണമെന്നത് നിസംശയമാണ്. കൃഷിയിലൂടെ മാത്രം നമുക്കിത് നേടാനാകില്ല. കൂടാതെ ആധുനിക വ്യവസായത്തിന് വിശാലമായ ഒരു കമ്പോളം ആവശ്യമാണ്. ഒന്നിച്ചു നില്‍ക്കുന്ന ഇന്ത്യക്ക് മാത്രമേ അത്തരത്തില്‍ ഒരു കമ്പോളത്തെ പ്രദാനം ചെയ്യാനാകൂ.

നമുക്ക് പട്ടിണി മാറ്റേണ്ടതുണ്ട്. തൊഴിലില്ലായ്മയടക്കമുള്ള നിരവധി സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കേണ്ടതുണ്ട്. ഒപ്പം ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കപ്പെടുകയും വേണം. ഇങ്ങനെ മാത്രമേ വളരെ പുരോഗമിച്ച രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് നമുക്കും കടന്നുചെല്ലാനാകൂ.

അതുകൊണ്ട് തന്നെയാണ് ശ്രീമാന്‍ ബാല്‍ താക്കറെക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല എന്ന് ഖേദപൂര്‍വ്വം ഞാന്‍ പറയുന്നത്.
ലേഖകന്‍ പ്രസ് കൗണ്‍സില്‍ ഓഫ്ഇന്ത്യ ചെയര്‍മാനും സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജുമാണ്

കടപ്പാട്: ദി ഹിന്ദു

താക്കറെ: പെണ്‍കുട്ടികളുടെ അറസ്റ്റ് ഫാസിസം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കട്ജുവിന്റെ കത്ത്

താക്കറെ: ചോരച്ചാലുകള്‍ ഒഴുകിയ തെരുവിന്റെ അധിപന്‍ !

Advertisement