ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (2003-2007) നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പൈസ നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്.

Subscribe Us:

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍മോധ്‌വാദിയക്ക് വിവരാവകാശ പ്രകാരം ലഭിച്ച ഉത്തരത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മോദി 100 തവണ പോയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് 16.56 കോടിരൂപ ചിലവായെന്നും വിവരാവകാശ രേഖ പറയുന്നു. ഗുജറാത്ത് സര്‍ക്കാരോ ബി.ജെ.പിയോ ഇതിനായി പണം ചിലവഴിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

 

2007ജൂലൈയില്‍ സ്വിറ്റ്‌സലര്‍ലാന്റ്, 2007 ജൂണില്‍ ദക്ഷിണ കൊറിയ, 2007 ഏപ്രിലില്‍ ജപ്പാന്‍, 2006 നവംബറില്‍ ചൈന എന്നിവിടങ്ങളിലേക്ക് മോദിനടത്തിയ യാത്രകള്‍ രാജ്യത്തെ പ്രമുഖ കച്ചവടക്കാര്‍ക്ക് ഒപ്പമാണെന്നും കോണ്‍ഗ്രസ് പറയുന്നു.

രാജ്യത്തെ നിയമപ്രകാരം ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ 500 രൂപയുടെ മുകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ്. മോദിയുടെ യാത്രകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പിന്നെ ആരെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.