ലണ്ടന്‍: മോശം പ്രകടത്തെ തുടര്‍ന്ന് ചെല്‍സി കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ആന്ദ്രെ വി്ല്ലാസ് ബോവാസിന്റെ പിന്‍ഗാമി ആരെന്നതിനെ കുറിച്ച് തീരുമാനമായില്ല. ലിവര്‍പൂളിന്റെ മുന്‍ കോച്ച് റാഫാ ബെനിറ്റസ് ഇംഗ്ലണ്ടിന്റെ കോച്ചായി പരിഗണിക്കപ്പെടുന്ന ഹാരി റെഡ്‌നാപ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത കോച്ചാണ് സ്‌പെയിന്‍കാരനായ ബെനിറ്റസ്.

ഹൊസെ മൗറീഞ്ഞോ ഒരുവട്ടം കൂടി എത്തുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഹൊസെ മൗറീഞ്ഞോയുടെ മികവിലാണ് ചെല്‍സി രണ്ടുവട്ടം പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. ബാഴ്‌സലോണയുടെ കോച്ച് പെപ് ഗാര്‍ഡിയോളയും ലിസ്റ്റിലുള്ളതായാണ് അറിയുന്നത്. ഈ സീസണോടെ ബാഴ്‌സ വിടുകയാണെന്ന ഗാര്‍ഡിയോളയുടെ പ്രസ്താവന ചെല്‍സിയ്ക്ക് ആവേശമായിട്ടുണ്ട്.

റഷ്യന്‍ കോച്ചായിരുന്ന ഗസ് ഹിഡിങ്കിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. 2009 ല്‍ ചെല്‍സിയെ എഫ്്.എ കപ്പ് കിരീടത്തിലെത്തിച്ചത് ഹിഡിക്കിന്റെ പ്രയത്‌നമായിരുന്നു. ആ സീസണില്‍ അവര്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തിയിരുന്നു. എന്തായാലും അധികം വൈകാതെ തന്നെ ബോവാസിന്റെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നുത്.

ആദ്യം ചെല്‍സിയുടെയും ഇപ്പോള്‍ റയല്‍ മാഡ്രിഡ് പരിശീലകനുമായ ഹോസെ മൗറീന്യോയുടെ ശിഷ്യനായ ബോവാസ് കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയുടെ കോച്ചായിരുന്നു.ക്ലബ്ബിന്റെ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ബോവാസിനെ പുറത്താക്കാന്‍ ക്ലബ്ബുടമ റോമന്‍ അബ്രമോവിച്ച് തീരുമാനിച്ചത്. ബോവാസിന്റെ അസിസ്റ്റന്റായിരുന്ന റോബര്‍ട്ടോ ഡി മറ്റോയെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ ചുമതലയേറ്റ ബോവാസിനുകീഴില്‍ 40 മത്സരങ്ങളാണ് ചെല്‍സി കളിച്ചത്. 19 എണ്ണത്തില്‍ വിജയിക്കാനായപ്പോള്‍, 10 എണ്ണം തോറ്റു. 11 എണ്ണം സമനിലയിലുമായി. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തുന്ന കാര്യംപോലും സംശയത്തിലായതോടെയാണ് 105 കോടി രൂപ മുടക്കി ക്ലബ്ബിലെത്തിച്ച പരിശീലകനെ പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചത്.

Malayalam news

Kerala news in English