ജനീവ: ക്ഷയരോഗനിര്‍ണയത്തിനായി നടത്തുന്ന രക്തപരിശോധനയ്ക്ക് ലോകാരോഗ്യസംഘടനയുടെ വിലക്ക്. നിരവധി പരിശോധനകളാണ് വര്‍ഷംതോറും ലോകത്ത് നടത്തുന്നത്. ഇത് രോഗനിര്‍ണയത്തേക്കാളുപരി ജനങ്ങള്‍ രോഗികളായി മാറുന്നതിനു കാരണമാകുന്നു.

വൈദഗ്ധ്യമില്ലാത്തവരാണ് പലപ്പോഴും പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് തെറ്റായ രോഗനിര്‍ണയത്തിനും അതുവഴി തെറ്റായ ചികില്‍സയിലേക്കും നയിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ മാരിയോ റാവിഗ്ലിയോണ്‍ വ്യക്തമാക്കി. ഇത്തരം പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ ഭരണകൂടങ്ങളോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളിലും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം രക്തപരിശോധന കിറ്റുകളുടെ വില്‍പന നടക്കുന്നുണ്ട്. പരിശോധനാ നിലവാരം സംബന്ധിച്ച് കൃത്യമായ നിബന്ധനകള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലേക്ക് കിറ്റുകള്‍ കയറ്റുമതി ചെയ്യപ്പെടുന്നു.

യുഎസ് ആസ്ഥാനമായുള്ള മോസ്മാന്‍ അസോസിയേറ്റ്‌സ്, ഫ്രഞ്ച് ഗ്രൂപ്പിന്റെ ആന്‍ഡ ബയോളജിക്കല്‍സ്, ബ്രിട്ടീഷ് കമ്പനിയായ ഒമേഗ ഡയഗ്നോസ്റ്റിക്‌സ് എന്നീ കമ്പനികള്‍ കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നവയില്‍പെട്ടവയാണ്.